മുറിച്ച്‌ വിൽപ്പന

അച്ഛനൊരു നാടകനടനായിരുന്നു അമ്മയെ കെട്ടിയപ്പോൾ തേപ്പ്‌ പണിക്ക്‌ പോയിത്തുടങ്ങി. ഇടയ്ക്കിടയ്ക്ക്‌ അട്ടത്തുള്ള ട്രങ്ക്‌ പെട്ടിയിൽ നിന്നും പഴയ കുപ്പായങ്ങളൊക്കെയെടുത്ത്‌ വെയിലത്തിട്ടുണക്കിയെടുത്ത്‌ മണപ്പിച്ചിട്ട്‌ പറയും, സഖാവ്‌ ക്യഷ്ണപിള്ള ഈ കുപ്പായത്തിനുള്ളിൽ മരിച്ചതിനുശേഷവും ജീവിച്ചിരുന്നെന്ന്. തേപ്പ്‌ പണി അച്ഛനെ വയസ്സനാക്കി കാൽമുട്ടും നടുവും നാടകത്തോളം പഴകിപ്പോയി. പൊടിമണ്ണിൽ പേപ്പർ വിരിച്ചിരുന്ന സ്വപ്നങ്ങളൊക്കെ ഠപ്പേന്ന് ചത്തുപോയി, നാട്‌ കൂനിക്കൂടിക്കിടപ്പിലായി. റോഡിനടുത്തുള്ള പഴയ വീടും സ്ഥലവും വിറ്റ്‌ സൗകര്യമുള്ളൊരിടത്തേക്ക്‌ മാറാമെന്നുപറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ അച്ഛനിരുന്നു, വിൽപ്പനയ്ക്കെന്ന് ഞാൻ ബോർഡ്‌ വെച്ചു. ഒരുദിവസം രാത്രിയിൽ ഉറക്കത്തിൽ അച്ഛൻ ക്യഷ്ണപിള്ളയുടെ സ്റ്റഡിക്ലാസ്സ്‌ അഭിനയിക്കുന്നു, ജീവിതം മുറിച്ച്‌ മുറിച്ച്‌ വിൽക്കുന്നവർ നമുക്കടുത്തെത്തിക്കൊണ്ടിരിക്കുന്നു സഖാക്കളേന്ന് താക്കീത്‌ ചെയ്ത്‌ ശ്വാസം വലിച്ച്‌ വലിച്ച്‌ വീടിനു നിലവിളിയുടെ പശ്ചാത്തല സംഗീതമിട്ട്‌ മിന്നാമുന്നുകൾക്കൊപ്പം ഇറങ്ങിപ്പോയി. മരിക്കുന്നതിന്റെയന്ന് അച്ഛനാ ബോർഡ്‌ മാറ്റിവെച്ചു മുറിച്ച്‌ വിൽപ്പനയ്ക്കെന്ന്.

വാഴയിലയോളം വളർന്ന വരാലുകൾ.

വാഴത്തോട്ടത്തിലേക്ക്
പുഴവെള്ളമെത്തിക്കാൻ മത്തായി കീറിയ
ചാലുകളിൽ
ചവിട്ടിത്തേകി ചളിപുരണ്ട് നടന്നിരുന്ന രണ്ടുപേർ.

അവൾ: അപ്പൻ തൂമ്പകൊണ്ട് കീറിയ ചാലുകളിന്ന്
അപ്പന്റെ കൈവിരലുകൾ ശരീരത്തിൽ കീറുന്നു.
അപ്പനോളം മുഴുപ്പുള്ള ഒച്ച തൊണ്ടയിൽ നിന്ന്
നിലാവിനെ നോക്കി ഓരിയിടുന്നു.

മേൽക്കൂര അടിച്ചുവാരിയവർ
മുകളിൽ നിന്ന് തൂത്തിട്ട ഇലച്ചവറുകളിൽ
മഴവെള്ളം വന്നിടിച്ച് നിൽക്കുന്ന നട്ടുച്ചയിൽ
വർഷങ്ങൾക്കപ്പുറത്തുള്ള കുണ്ടനിടവഴികളിലേക്ക്
അപ്പന്മാരെക്കുറിച്ച് പറഞ്ഞ്
പരസ്പരം തിരിഞ്ഞ് കിടക്കുന്ന രണ്ടുപേർ.

അവൻ: വാഴയിലയുടെ നിഴൽ കണക്കെ നീണ്ട്
വളർന്ന നിന്റെയുടലിന്റെ മണം, അച്ഛൻ പണ്ട്
പാർട്ടിയോഫീസിലിരുന്ന് കുത്തിത്തീർത്ത
ബീഡിയോളം ക്രൂരമായി പിന്തുടരുന്നു.
അച്ഛനിപ്പോൾ ഇടയ്ക്കിടയ്ക്ക്
മത്തായിച്ചേട്ടന്റെയൊപ്പം
കടത്തിണ്ണയിലൊക്കെ
പോയിരിക്കാറുണ്ടാവുമോ, അവർ പണ്ട്
വലയെറിയാൻ പോയിരുന്ന കാലത്ത്
പിടിവിട്ടുപോയ രണ്ട് വരാലുകളെക്കുറിച്ച് മാത്രം
ചിന്തിക്കാറുണ്ടാവുമോ.

ജനൽപ്പാളിയിൽ വെയിലടിച്ചടിച്ച്
നിറം മങ്ങിയ ചിത്രത്തിൽ
മൈനവന്ന് കൊത്തിയുണർത്തുന്നതുവരെ
അവനുമവളും തിരിഞ്ഞും മറിഞ്ഞും കിടന്നുറങ്ങി.

ഓർമ്മയിലെ വാഴത്തോട്ടം
അവർക്കിടയിൽ ഒച്ചയില്ലാതെ
വളർന്നുകൊണ്ടിരുന്നു.

ഇരുളിന്റെ നീളമുള്ള ഇലകൾ മുളച്ച നേരത്ത്
രണ്ടുപേർ ഇറങ്ങി കടലോരത്തേക്ക് നടക്കുന്നു
അവരുടെ നിശബ്ദതയിൽ രണ്ടുപേർ
ബീഡിയൂതി വലയെറിയാൻ പോകുന്നു.

സൂത്രം

രണ്ടുപേർ
എന്റെ മുറിയിലേക്ക് കടന്ന് വാതിലടച്ചു
അതിലൊരുവൻ
എന്റെ കിടക്കയിലിരുന്ന്
വെള്ളക്കടലാസിൽ വരഞ്ഞുകൊണ്ടിരുന്നു
മറ്റവൻ കറവക്കാരന്റെ മുഖഭാവത്തോടെ
മൂക്ക് ചൊറിഞ്ഞുകൊണ്ടിരുന്നു.

രണ്ടുപേർക്കിടയിൽ വിയർത്തൊലിച്ച്
ഞാൻ നിശബ്ദനായി നിന്നപ്പോൾ
ചെറിയൊരു പുഞ്ചിരിയോടെ
അവരെന്നോട് ഇരിക്കാൻ ആവശ്യപ്പെട്ടു.
തിളച്ച് തെറിച്ച തുള്ളിപോലെ നിശബ്ദമായി
അവരെ നോക്കിയിരുന്നിട്ട്
ഞാൻ നിലവിളിച്ചുകൊണ്ട്
അതിലൊരുവന്റെ അരയിൽ നിന്നും
കത്തിവലിച്ചെടുത്ത് മറ്റവനെ കുത്തിക്കൊന്ന്
ഇറങ്ങിയോടി
ഹാ കാണേണ്ടതായിരുന്നു
മരിച്ചവൻ വരച്ചുകൊണ്ടിരുന്ന
വെള്ളക്കടലാസിലേക്ക് നോക്കി
തിളങ്ങുന്ന മുഖവുമായി
വിയർത്ത് കുളിച്ചിരിക്കുന്നവനെ.

ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ

പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്ന ഒരുവനിൽ
കുത്തനെ ചാഞ്ഞുലയാതെ നിൽക്കുന്ന മതിൽ.

മണ്ണിൽ കുത്തി നിർത്തിയ
പേക്കോലത്തോളം നിശബ്ദമായി
മതിലോടൊട്ടി കാത്തിരുന്ന് മുഷിഞ്ഞ്
പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നവൻ
ഒരാശാരിക്ക് മാത്രം കൊത്തിയെടുക്കാൻ
കഴിയുന്ന
മഴയിൽ കുതിർന്ന്
മതിലിലേക്ക് വീഴുന്നു.

പെണ്ണുങ്ങളിൽ വറ്റിപ്പോയൊരുറവ
അവനിലൂടെ പുനർജ്ജനിച്ച്
മണ്ണിലേക്കൊഴുകിയെത്തുന്നു.

പോക്കറ്റിലൂടെ കയ്യിട്ട്
നെഞ്ച് ചൊറിയുന്നതിനിടയിൽ
ഒരു പെണ്ണിന്റെ നിലവിളി
നഖങ്ങൾക്കുള്ളിൽ പെണ്ണുങ്ങൾക്ക് മാത്രം
കണ്ടെത്താൻ കഴിയുന്ന
തെരുവിന്റെ മണത്തിലൂടെയവന്റെ
തലച്ചോറിലേക്ക് വ്യാപിക്കുന്നു.

മഴകഴിഞ്ഞ്
തെളിഞ്ഞ് വരുന്ന
മാനത്തിന്റെ നിഴൽ വീണ
കെട്ടിക്കിടക്കുന്ന വെള്ളമുണ്ട്
അതിൽ ചവിട്ടി കടന്ന് പോകുന്നവർ
അലങ്കോലപ്പെടുത്തിയ മേഘങ്ങളിലേക്ക്
കണ്ണുപായിച്ച്
വഴിയരികിലെ മതിലിനോട് ചേർന്ന്
മരണം നടിച്ച് കിടക്കുന്നൊരുവന്റെ
ഉളിയും കൊട്ടുവടിയും ശ്രദ്ധിക്കുന്നേയില്ല.

അവന്റെ നിലവിളിയുമായി
ഒറ്റയ്ക്ക് നിൽക്കുന്ന മതിൽ.

വെടി

മരിക്കാൻ കിടക്കുന്ന കേണൽ
റിക്രൂട്മന്റ് റാലിയിൽ ഓടിക്കൊണ്ടിരിക്കുന്ന
ഒരാൺകുട്ടിയുടെ നിക്കറിൽ കണ്ണുടയ്ക്കുന്ന
നേരത്ത്
ഒരു കാക്ക
നിഴൽ വീഴ്ത്തിക്കൊണ്ട് പറന്നകലുന്ന
മൈതാനത്തിന്റെ നടുവിലൊറ്റയ്ക്ക്
നിൽക്കുന്ന സ്വപ്നം കാണുന്നു.

കറുത്ത കാക്ക
പണിയില്ലാത്ത ആൺപിള്ളേരുടെ
പുലർച്ചയിലലോസരമാകുന്നു
അവരുടെ ചിറകുകൾ കരിഞ്ഞുണങ്ങുന്നു.

കേണൽ അവസാനത്തെ ശ്വാസമെടുത്ത്
ഉയർന്ന് താഴ്ന്നു
അയാളുടെ ഹാങ്കറിൽ തൂങ്ങുന്ന യൂണിഫോർമ്മിൽ
നിന്നും
പൊടിമണമുള്ള വിയർപ്പ് തുള്ളികൾ
മുറിയിലാകെ പൊടിഞ്ഞു.

ഒരാൺകുട്ടി
ഒരായിരം ആൺകുട്ടിയെപ്പോലെ
ഓടിക്കൊണ്ടിരിക്കുന്നു
അവന്റെ തുടയിൽ നിന്ന്
കേണലിന്റെ മണമുള്ള വിയർപ്പ് തുള്ളികൾ
പിന്നെയും പൊടിയുന്നു.

കേണലിന്റെ ഭാര്യ
ഭ്രാാന്തിയെപ്പോലെ ചായയുണ്ടാക്കുന്നു
അയാളുടെ മകൻ
ഓടിക്കൊണ്ടിരിക്കുന്ന ഒരാൺകുട്ടിക്കുവേണ്ടി
മൈതാനത്തിലിരുന്ന് കയ്യടിക്കുന്നു.

നാട്ടുകാർ
ആചാരവെടിയുടെ പുകമണമില്ലാതെ
തെക്കോട്ടെടുക്കുന്ന സമയത്ത്
പെണ്ണുങ്ങളുടെ തേങ്ങലിലുടങ്ങിയ
അർദ്ധരാത്രിയുടെ
നിലാവിന്റെ മണത്തിൽ
അങ്ങേരുടെ ശവമെടുത്ത് തീകൊളുത്തി.
പണിയില്ലാത്ത ആൺകുട്ടികൾ
അങ്ങേർക്കടിയിലൂടെ ഓടിക്കൊണ്ടിരിക്കുന്നു.