ലിഡിയ അലക്സാണ്ട്ര നാരായണിയമ്മമ്മയെ കാണാൻ വന്നപ്പോൾ

ലിഡിയ അലക്സാണ്ട്ര 
സായിപ്പന്മാരോടുള്ള ഇന്ത്യയുടെ 
വിരോധമവസാനിച്ചപ്പോൾ 
നരായണിയമ്മമ്മയെ 
അഥവാ 
കാണാൻ വന്നെന്ന് വിചാരിക്കുക.
ഉയെന്റപ്പ ഞാനെന്തായി കാണണേന്ന് 
പുലമ്പിക്കൊണ്ട് 
അമ്മമ്മ പരക്കം പായും 
അയലിലിട്ട കുപ്പായം 
തട്ടിൻപുറത്ത്  ഒളിപ്പിക്കെടാന്ന് 
കണ്ണിലേക്ക് നോട്ടമെറിയും 
പാലുവാങ്ങീറ്റ് വാ കുരിപ്പേ, 
പരദൂഷണം പിന്നെയാകാന്ന് 
അനിയത്തിയോട് തട്ടിക്കയറും 
മുറുക്കിച്ചോന്ന വായി 
ഓടിപ്പോയൊന്ന് കുലുക്കിത്തുപ്പും  
ആ പൊളിഞ്ഞ കസേര 
ഏറേത്ത്ന്ന് മാറ്റെടാന്നും,
അമ്മേനോട്‌ പശുനെ കെട്ടിയിട്ട് 
വരാൻ പറയെന്നും   
അച്ഛനെ ഫോണ്‍ വിളിക്കെന്നും 
കൽപ്പനകൾ 
ആദ്യമായിട്ട് മന്ത്രിയായപോലെ 
തന്നോണ്ടിരിക്കും.

ലിഡിയ അലക്സാണ്ട്ര 
പണ്ടത്തെ മുറിമലയാളം 
കാച്ചുമ്പോൾ  
അമ്മമ്മ അമ്മ അച്ഛൻ 
ചായകാച്ചാൻ പാലുവാങ്ങാൻ പോയ
പെണ്ണെവിടെപോയെന്ന് 
വീണ്ടും കണ്ണുകൊണ്ടെന്നോട് കല്പിക്കും. 

(പണ്ട് വായിച്ച എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിൽ അത്രപ്രസക്തമല്ലെങ്കിലും പറയുന്ന സായിപ്പന്മാരോട് നാട്ടുകാർക്കുണ്ടായ നന്മയുള്ള സ്നേഹത്തെക്കുറിച്ചോർത്തെഴുതിയത്.)

രാഷ്ട്രീയതയുടെ ദൈവമേ കാക്കണേ കാക്കണേ....

ഇന്നോവ 
ഇരുപത്തഞ്ചുകുപ്പി ബിയർ 
അഞ്ച് പാക്കറ്റ് സിഗരറ്റ്
കഴപ്പ് കുലച്ച് നില്ക്കുന്ന ആറെണ്ണം 
ഐ ഹേറ്റ് ഓൾ അല്ഫബെറ്റ്സ് 
ബട്ട്‌ ഐ ലവ് യു 
എന്ന് പിറുപിറുത്തുകൊണ്ട് 
താജ് മഹൽ കാണാൻ..

എന്നാരസമായിരുന്നെന്നു 
പറയും മുന്നേ 
എന്തിന്റെ ഇളക്കമായിരുന്നെന്നു 
പറയണം 

കയറിപാടെ 
ബള ബ്ളയെന്ന് 
തലേന്നത്തേത്  
പുറന്തള്ളിക്കൊണ്ടൊരുത്തൻ  
പുകഞ്ഞ് പുകഞ്ഞ് 
വേറൊരുത്തൻ
അരാജകത്വത്തിന്റെ ദൈവമേ
അരാജകത്വത്തിന്റെ ദൈവമേ
കാക്കണേന്ന് വേറൊരുത്തൻ 

രാഷ്ട്രീയതയുടെ ദൈവമേ
രാഷ്ട്രീയതയുടെ ദൈവമേ

എന്റെ തലമുറ 
പകലിന്റെ ഒളിഞ്ഞ് 
നോട്ടങ്ങൾക്കിടയിൽ 
ഭാകികമായ ഭോഗിക്കലിലൂടെ 
ജനിച്ചവരാണെന്ന്,
എന്റെ തലമുറ 
വിധിക്കപ്പെട്ട് പോയെന്ന് 
ഒരിക്കലും വിശ്വസിക്കാത്തവരാണ്.

കുടിച്ചും കുലുങ്ങിയും 
പുകഞ്ഞും പൊളിഞ്ഞും 
പ്രണയമേ പ്രണയമേ 
എന്ന് പാടി പാടി 
ആഗ്രയിലെ നടുറോഡിൽ 
ശില്പം വില്ക്കുന്ന പെണ്ണിന്റെ കടയിൽ 
തട്ടുകടയിൽ, ഹോട്ടലിൽ 
ലെവലില്ലാതെ 
മുംതാസിന്റെയും ഷാജഹാന്റെയും 
മണം പിടിച്ച് 
കണ്ണില്ലാതെ കാലുറയ്ക്കാതെ 
താജ് മഹലിലെ 
പബ്ലിക്‌ കക്കൂസിൽ.

കൂട്ടം തെറ്റിയ 
മയിലുകളായി 
കഴുതകളായി 

ഒരുത്തനെപ്പൊക്കിയത് 
വേശ്യാലയത്തിൽ നിന്ന് 
ബോധം വന്നപ്പോൾ എണീറ്റത് 
കബ്ബാളിന്റെ കുടിലിൽ നിന്ന് 

നട്ടപ്പാതിരയ്ക്ക് 
നാട്ടുച്ചവെയിലാണെന്ന് 
ഇന്നോവയിൽ വീണ്ടും വീണ്ടും 
മുഴക്കിക്കൊണ്ട് 
അരാജകത്വത്തിന്റെ ദൈവമേ 
കാക്കണേ കാക്കണേ....

എന്റെ 
തലമുറ 
വരി വളഞ്ഞ മാഹാകാവ്യമാണ് 
വളഞ്ഞ വരി വായിക്കാൻ  
വിധിക്കപ്പെട്ടവർ. 
  
രാഷ്ട്രീയതയുടെ ദൈവമേ
രാഷ്ട്രീയതയുടെ ദൈവമേ 
എന്നാരസമായിരുന്നെന്നു 
പറയും മുന്നേ 
എന്തിന്റെ ഇളക്കമായിരുന്നെന്നു 
ഓർക്കുന്നു.  

ഇന്നലെ മരിച്ചെന്നൊക്കെ കേട്ട് തിരിച്ച് വന്നവനെ കാണാന്‍വന്നവരെക്കണ്ടിട്ടുള്ള മരിച്ചെത്തിയവന്റെ ആത്മഗതം

കഞ്ജാവടിച്ച് 
കൂയി കൂയിയെന്ന് 
വട്ടമിട്ടുപറക്കുന്ന 
കഴുകന്മാര്‍ക്കും മുഖളിലെ 
ആകാശത്തിലേക്ക് 
അതിനുമപ്പുറത്തെ 
വെള്ളിമേഖങ്ങള്‍ക്കിടയിലേക്ക്
കുരങ്ങനെപ്പോലെ 
വലിഞ്ഞ് വലിഞ്ഞ് 
കയറുമ്പോള്‍  
ദിവസമേ ദിവസമേ
ഗുരുത്വാകര്‍ഷണം
എന്നയൊരൊറ്റ പദംവെച്ചെന്നെ 
സ്റ്റിക്കറൊട്ടിച്ചപോലെ 
ഭൂമിയിലേക്ക് 
തിരിച്ചെടുത്തില്ല നീ.

ലഹരിയില്‍ നാമൊരു 
സലീംകുമാറാണെന്ന് 
കവി* പാടിയിട്ടുണ്ട്.

പൊടികളെ 
കൊന്നു കൊന്ന് തള്ളിയ 
മാറാലകള്‍ 
തൂങ്ങിമരിച്ചൊരുമുറിയില്‍
കാശ്മീരിലെ 
പെണ്ണിന്റെ ചന്തിക്ക് 
തലോടിക്കൊടുത്തത്തിന്റെ
പ്രതിഫലം 
പൊളിച്ച് പൊളിച്ച് 
പുകയ്ക്കുമ്പോള്‍ 
ലോകത്തുള്ളവരുടെയൊക്കെ
മുഖം കുഞ്ഞൊരു പൂവാണ് 
ഹയ്യയ്യോ ഹയ്യയ്യോയെന്ന് 
നെഞ്ഞിങ്കൂടുകിടന്നടിക്കുമ്പോള്‍   
നീ
പേരിടാത്ത ലോകമാണ് 
പേരിടാത്ത അസുഖമാണ്.

ചിറകുകളുള്ളോരുകിളി 
പറന്നെത്തിയ ലോകം 
വേണ്ടായിരുന്നു 
എന്നയൊരു തോന്നലിനു 
ചോറും കറിയും 
മുറുക്കാനും കൊടുക്കുന്നു. 

ഇന്നലെ മരിച്ചെന്നൊക്കെ കേട്ട് 
തിരിച്ച് വന്നവനെ 
കാണാന്‍വന്നവരെക്കണ്ടിട്ടുള്ള 
മരിച്ചെത്തിയവന്റെ ആത്മഗതം   
മാത്രമാണിത്.
       
(*കവി കുഴൂര്‍ വില്‍സണ്‍) 

അരാഷ്ട്രീയന്‍

ആണുങ്ങളുടെ 
കണ്ണുകളൊക്കെ 
സമ്മേളനം 
നടത്തും. 
പ്രതിനിധി സമ്മേളനത്തില്‍ 
ഓള്‍ ഇന്‍ ഓള്‍ 
ഡല്‍ഹിയെ
പ്രതിനിധീകരിക്കുന്നവന്റെ   
രണ്ടുക്കണ്ണാകും 

എന്‍ട്രിപ്പാസ് കിട്ടിയാല്‍ 
ഞാന്‍ സീറ്റ്  തിരഞ്ഞെടുക്കുന്നത്  
പ്രതിഷേധിച്ച് കൂമ്പിപ്പോയ 
കണ്ണുകലിരിക്കുന്നതിനടുതായിരിക്കും.

എങ്ങനെ 
ജീവനുള്ളിടത്തോളം മിഴിച്ച് 
നോക്കാമെന്ന് പഠിക്കാന്‍.

ശുഭചിന്ത

"തെങ്ങ് വിപ്ലവം 
സൃഷ്ട്ട്ടിച്ചിട്ടുണ്ടെന്ന് "
ആരാ പറഞ്ഞേ ?
"ഇളനീര്‍ ഡ്രിങ്കിന്റെ 
കുപ്പിയില്‍ കണ്ടതാ 
ആളെ പറ്റിക്കാന്‍ 
ഓനിക്ക് കച്ചോടം നടക്കണല്ലോ"