മൂങ്ങ

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകലിൽ 
കോണ്‍ക്രീറ്റ് അരിവാളിനും-ചുറ്റികയ്ക്കുമിടയിലെ
പിണറായി വിജയൻറെ ചിത്രത്തിൽ മിനുക്ക്‌ പണിയെടുക്കുന്ന 
പഴയ നാടകക്കാരൻ അമ്പുവേട്ടൻ
ഒരു ബീഡിക്ക് തീകൊളുത്തിയപ്പോൾ
മൂന്ന് മൂങ്ങകൾ 
വീടുപണിക്കായി ഇറക്കിയിട്ടുള്ള 
കല്ലിനും മണലിനുമിടയിലെ പേരമരത്തിൽ വന്നിരിക്കാറുണ്ടെന്ന്
ഇലക്ഷൻ പൊള്ളുന്ന സമയത്ത്    
പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ പോയിട്ടുണ്ടോന്ന്?
ഒരു ചോദ്യവുമെറിഞ്ഞ് 
പറഞ്ഞ് തുടങ്ങി.

ഞാനീ വരച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലെ ഇവൻ
കുട്ടിയായിരുന്ന കാലത്ത് 
പിണറായിയിലെ പാറപ്പുറത്ത് 
വടിയും ഓലയുമുപയോഗിച്ച് 
അരിവാളും ചുറ്റികയും നക്ഷത്രവുമുണ്ടാക്കിയ 
ഒരു കീറിപ്പോയ രാത്രിയെക്കുറിച്ച് 
അമ്പുവേട്ടൻ തുടങ്ങിവെക്കുമ്പോൾ 
നക്ഷത്രങ്ങൾ ഞങ്ങളുടെ ശരീരത്തിൽ പൂക്കളമിടുന്നു. 

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകൽ
മീനുകളുടെ ചിറകുകളിലേക്ക്ഉൾവലിഞ്ഞ് പോയിരിക്കുന്നു 

വരച്ചുതീർന്ന 
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചിത്രം 
മുളകൊണ്ട് കുത്തിനിർത്തി മടങ്ങുമ്പോൾ 
ബാക്കിയായ നിറങ്ങളുപയോഗിച്ച്
അമ്പുവേട്ടനൊരു ചിത്രം വരച്ചു 
കത്തിത്തീർന്ന ചൂട്ടിൽനിന്നുമപ്പോൾ പുകയുയർന്നു.

മരക്കൂട്ടങ്ങൾക്കിടയിലൂടെ
നാടകം തുടങ്ങുന്നതിനുള്ള അവസാനത്തെ ബെൽ
ഒഴുകിയെത്തുന്നത് കേൾക്കുന്നുണ്ടോന്ന്
കുത്തിക്കെടുത്തിയ ബീഡിയോട് 
വഴിവക്കിലെ വയലിനോട് 
ഇല്ല അമ്പൂ ഇല്ല അമ്പൂ എന്ന് 
കാവുമ്പായി രക്തസാക്ഷികളുടെ  വഴിവക്കിലെ കുടീരം.

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകലിൽ 
അമ്പുവേട്ടൻ വീണ്ടും പറഞ്ഞ് തുടങ്ങി 
ഇന്നലെ രാത്രിയിലും 
പണിതീരാത്ത വീടിന്റെ
മുറ്റത്തെ പേരമരക്കൊമ്പിലിരുന്ന്
മൂന്ന് മൂങ്ങകൾ മൂളുന്നുണ്ടായിരുന്നെന്ന്.

കവിത

നിന്റെ വീടിന്റെ അതിരുകടന്ന് 
ഞാനയച്ച 
പച്ചകുത്തിയ വിഷപ്പാമ്പ് 
ദാ ഇപ്പോഴെത്തും 
തുള്ളിപ്പിടിയതിനെ ചാടിപ്പിടിയതിനെ 
തൊലിയുരിഞ്ഞ് 
വെട്ടിയൊതുക്കി കാത്തിരിക്ക് 
ഞാനിപ്പോഴെത്തും.

വര

മുറ്റത്തിന്റെ 
ഓരോരോ വശങ്ങളിലായി 
ചിന്നിച്ചിതറിക്കിടക്കുന്ന പേരമരത്തിന്റെ ഇലകള്‍ 
ചൂലെടുത്ത് 
തൂത്തെറിയുന്ന നീ 
നല്ലൊരു ചിത്രകാരിയാണ്.