ചെത്തുകാരന്‍ വാസു

പുഴയിലെ വെള്ളത്തില്‍ വരച്ചുവെച്ച 
തെങ്ങിന്റെ മണ്ടയില്‍നിന്നുമിറങ്ങിവരുമ്പോള്‍ 
വാസു പറയുമായിരുന്നു
ഓലകള്‍ക്കിടയിലിരുന്ന് സൂര്യനെക്കണ്ടാല്‍
തനിക്ക് അമേരിക്കന്‍ പ്രസിഡന്റായെന്ന തോന്നലുണ്ടാവുമെന്ന് .

ഉച്ചയായാല്‍
ഷാപ്പില്‍ നിന്നും വീടുവരെയുള്ള ഇടവഴികളെല്ലാം
വാസുവിനെ തെളിക്കുന്ന തിരക്കിലായിരിക്കും
ആടിയും കുഴഞ്ഞും
പാടിയും പറഞ്ഞും വീട്ടുപടിക്കലെത്തിയാല്‍ 
തൂറിയ ചെക്കന്റെ ചന്തികാണിച്ചും 
കീറിയ ബ്ലൗസുകാണിച്ചും  
അന്നത്തെ സംഗീതം അവളെന്നത്തെയുംപോലെ ആരംഭിക്കും.
അവളുടെയോര്‍മ്മയില്‍
വാസുവിന് കെട്ടമോരിന്റെ  ഗന്ധമായിരുന്നു.

ചെത്തുതൊഴിലാളികളുടെ നിരാഹാരത്തിന് പോകുന്നവഴിക്ക്
കുഴഞ്ഞുവീണ് മരിക്കുമ്പോള്‍ 
വാസു പിറുപിറുത്തത്
അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചായിരുന്നുപോലും.
ഇനിയാരാണ് വാസുവേട്ടാ 
സുമതീന്റെ വീടിന്റെ അടുക്കളപ്പുറത്തുനിന്നാണ്
കൊതുകുകള്‍ പരക്കുന്നതെന്നും,
പഞ്ചായത്ത് കിണര്‍ കോണ്‍ഗ്രസ്സുകാരുടെ തന്തമാരുടേതല്ലെന്നുമുള്ള
നിഗമനങ്ങള്‍ കണ്ടെത്തുക,
ഇനിയെങ്ങനെയാണ് തെങ്ങുകള്‍  
"സ്വാതന്ത്ര്യം ഓന്റച്ചന്റെ കൊടമെന്നുള്ള" 
നിങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയാവുക

തെങ്ങുകള്‍ വിധവകളാണെന്നും,
ചങ്കും തുടയുമമര്‍ത്തി കള്ളെടുക്കാന്‍ കയറുന്നതിനിടയില്‍
അവറ്റകളെന്നെ ഉമ്മവെച്ചിട്ടുണ്ടെന്നുമുള്ള
രസകരമായ കഥകള്‍
ഇപ്പോഴേതെങ്കിലും ചെത്തുകാരന്‍
ഏതെങ്കിലും കുട്ടികളോട് പറയുന്നുണ്ടാവുമോ?