മെമ്മറീസ് ആന്‍ഡ്‌ ഡ്രീംസ്‌

കണക്കുകള്‍ കൂട്ടി(ടി)
മടുത്തതിനു ശേഷം
കോടാലി മരം മുറിക്കുന്നത്
പാതി(ളി) (തുറന്നതിന)കള്‍ക്കപ്പുറം
സൂര്യന്‍ എന്ന ചിത്രകാരന്റെ
നേരം പതിക്കുന്നതിലേക്ക്
കുടിനീരിറക്കി കാലം കളഞ്ഞ കാലത്ത്
തലകുത്തനെ നോക്കുന്ന രീതിയില്‍
നിലാവിനെയും നക്ഷത്രങ്ങളെയും ഒരുക്കിയപ്പോള്‍
ക്യാന്‍സര്‍ വന്ന് മരിച്ച രോഗി
കുഷ്ഠം വന്ന് മരിച്ച രോഗി
കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികള്‍
പരസ്പരം കൈകളും വിരലുകളും മാറി മാറി
ഇന്ദ്രിയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളില്‍   
ചെരിഞ്ഞ് കിടക്കുന്നതിന്റെ സൊല്യുഷനുകള്‍
കാര്‍മേഘത്തിലേക്ക് തരുമായിരുന്നു

തുമ്മി മടുത്ത മൂക്കും
മൂക്ക് പിഴിഞ്ഞ കയ്യും
പീള നിറഞ്ഞ കണ്ണും
കണ്ണാടിയിലേക്ക് ടാഗ്ഗ് ചെയ്യപ്പെടുന്നതിനും മുന്നേ
എങ്ങനെയായിരുന്നു പാഠഭാഗം  ബാക്കിയായതെന്ന്
തക്കാളിയും ഉള്ളിയും
മെഴുക് തിരിയും താക്കോല്‍ക്കൂട്ടവും നിരന്ന
മേശപ്പുറത്തിനോട് ദേഷ്യപ്പെട്ടിരുന്നു

ഉപ്പ് കൂടിയത് മാത്രം
വാരി വാരിത്തിന്ന്
കുരുമുളക് പൊടിപ്പാത്രം തട്ടി മറിച്ച്
പേന പൂജിക്കാന്‍ പോയവളെയും കാത്ത്
നടന്ന് നീങ്ങുന്ന
കുരിശ് വരഞ്ഞവരെ നോക്കി
നെടുവീര്‍പ്പുകള്‍ ചവച്ച് തീര്‍ത്തവനേ....
നിന്റെ ദൈവം കാക്കയായിരുന്നില്ലേ
അഴുക്ക് തിന്ന്
കിണറ്റിന്റെ കരയിലിരുന്ന്
മരിച്ചവരെ വിരുന്ന് വിളിക്കുന്ന
കാക്കക്കരച്ചിലായിരുന്നില്ലേ നിന്റെ മന്ത്രം

ക്യാന്‍സര്‍ വന്ന് മരിച്ചവരും
കുഷ്ഠം വന്ന് മരിച്ചവരും
നൈറ്റ്‌ ഡ്യൂട്ടിയിലേര്‍പ്പെട്ട പ്രദേശങ്ങളിലേക്ക്
ഞാനെടുത്ത് എന്നെയെറിയുന്നു.

അന്നൊരു കുട്ടി
കണക്ക് പരീക്ഷയില്‍ തോറ്റ വിഷമത്തില്‍
അവിടെയെത്ത(ി)ുമായിരുന്നു(ന്നോ).

പട്ടിണിത്തോറ്റം

(വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളുടെ വായ്ത്താരികള്‍ തന്റെ പൈതങ്ങള്‍ക്ക് ഗുണം വരുത്തും എന്ന സൂചന നല്‍കിക്കൊണ്ടാണ്. പട്ടിണി എന്നൊരു തെയ്യമുണ്ടെങ്കില്‍ അതിന്റെ വായ്ത്താരിയും തോറ്റവും എങ്ങനെയായിരിക്കും...?  )

പൊന്നും പൊടിയുമില്ലാതെ പിറന്നവരേ
കുളിരും കോടയും പുതച്ചുറങ്ങുന്നവരേ
അന്തിക്കൂലി കിട്ടാതെ ഉടലുടഞ്ഞവരേ
മക്കളുടെ മണമില്ലാത്ത
കിഴവന്‍മാരെ കിഴവികളേ
ഓടയിലെ ആകാശ സ്വപ്നങ്ങളില്‍
വിശപ്പടക്കുന്ന കുരുന്നുകളേ     
കണ്ണ് കറുത്ത കന്യകമാരേ
പട്ടിണിത്തെയ്യത്തിന്റെ തറവാട്ട് സന്തതികളേ
ഗുണം വരില്ല ഗുണം വരില്ല  ഗുണം വരില്ല
പൊലയാട്ടടയാളങ്ങളേ  

പട്ടിണിക്കോലത്തിന്റെ മുഖത്തെഴുത് ഗുരുക്കളേ
കാളുന്ന കുടലുകള്‍
നിത്യം നേദിക്കുന്ന പൈതങ്ങളേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല

കഞ്ഞിയും പയറും ഉടുമുണ്ടും നല്‍കിയെന്റെ
ശ്രീകോവില്‍ത്തെരുവുകള്‍
പിഴുതെടുത്ത് പിഴുതെടുത്ത്
ആരൂഡം നശിപ്പിച്ചവരേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

പന്നികള്‍ ഇണചേരുന്ന ദര്‍ശനക്കാഴ്ച നല്‍കിയെന്റെ-
പൈതങ്ങളെയുമെന്റെ-
ഉയിരുമെന്റെ-
മുറിപ്പാടുകളും
കാത്തുസൂക്ഷിക്കുന്ന പുത്തനുടുപ്പന്‍മാരേ
ഗുണം വരട്ട് ഗുണം വരട്ട് ഗുണം വരട്ട്

അഞ്ഞൂറാണ്ടപ്പുറം-
മുതലിപ്പുറം
അഞ്ഞൂരാണ്ടിലേക്ക്
പട്ടിണിത്തെയ്യക്കോലത്തിന്റെ         
പട്ടിണിത്തോറ്റം മുഴക്കുന്ന
കൂലിപ്പണിക്കാരാ...
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

ബലിക്കുണ്ടിലേക്ക്
തലയറുത്തിടുക പൈതങ്ങളേ
ഗുണം വരില്ല ഗുണം വരില്ല ഗുണം വരില്ല 

നിലവിളിയെക്കുറിച്ചൊരു അവ്യക്തമായ സ്വപ്നം

ഒച്ചകള്‍
അടക്കം ചെയ്ത
മൈതാനത്തിന്ടെ കോണിലിരുന്ന്
ആത്മഹത്യ ചെയ്തതിനെക്കുറിച്ചുള്ള
നിഗൂഢവും അവ്യക്തവുമായ
രഹസ്യങ്ങള്‍ ഓര്‍മിക്കുമ്പോള്‍,

പഴകി ദ്രവിച്ച റേഡിയോയില്‍
പച്ചപ്പുല്ലേ തുമ്പികളേ
പാറ്റകളേ പ്രാണികളേ
എന്നൊരു നാടന്‍പാട്ട്
ട്യുണ്‍ ചെയ്ത്
പൊതിര്‍ന്ന മൃതശരീരങ്ങള്‍
തുണിയുരിഞ്ഞ്
നൃത്തം ചെയ്യുന്നു.    

കൊടിയാല്‍ അലങ്കൃതമായ
കുന്നുകളില്‍ നിന്നും
കാറ്റെടുത്ത് വന്ന
കുട്ടിയുടെ ഞരക്കങ്ങളെക്കുറിച്ച്
പൂത്തുലഞ്ഞതെന്തേയെന്ന്
അവ്യക്തത പൂക്കുന്ന മരത്തിനോട്...

കൈകള്‍
കാലുകളിലേക്ക് കെട്ടിയിട്ട
പെണ്‍കുട്ടിയോട്
നിലവിളിയെക്കുറിച്ചുള്ള കടങ്കഥള്‍ അറിയുമോയെന്ന്...

പൊതിര്‍ന്ന മൃതശരീരങ്ങള്‍
താള ബോധത്തോടെ
നൃത്തച്ചുവടിലലിഞ്ഞ്
നിര നിരയായി
വരി വരിയായി
ചിതറിച്ചിതറി
മണ്ണിലേക്ക് പൊടിഞ്ഞടിഞ്ഞ
ദുര്‍ഗയുടെ വിഗ്രഹത്തിനടുത്തേക്ക്
നിശബ്ദം മറയുന്നു.

മൈതാനം
കാക്കള്‍ വരഞ്ഞിട്ട
ആകാശച്ചിത്രങ്ങളില്‍
കണ്ണുമിഴിച്ച് സന്യസിക്കുമ്പോള്‍
പിടഞ്ഞെഴുന്നേറ്റ്‌
അവ്യക്തത പൂക്കുന്ന
മരത്തിന്ടെ ഇല തിന്ന്
മരിക്കുന്നു.