മരിച്ചവരുടെ ബസ്സിൽ

വടക്ക്‌ നിന്നും
ചുവന്ന നിറത്തിലുള്ള
പൂക്കളെ
മുകളിൽ നിന്നും
ചുവന്ന നിറത്തിലുള്ള
കിളികൾ തിന്നാതിരിക്കുന്നു.

കേവലമൊരു പുഴുവിൽ
കുട്ടികൾ എന്ത്‌ ചെയ്യും
എന്നാലോചിച്ചിരിക്കാം

പൂവുകൾ
പൂവുകളല്ലായിരുന്നെന്ന്
കിളികൾ
പുഴുക്കൾക്ക്‌
കൊത്തി കൊത്തി
കൊക്കി കൊക്കി
പറഞ്ഞ്‌ കൊടുക്കണമായിരുന്നു.

വാ നാരേട്ടാ
നമുക്ക്‌ ചായക്കട പൂട്ടി
നടക്കാൻ തുടങ്ങാം
വടക്ക്‌ വടക്ക്‌
ഒരു വളവിൽ
ഇടതുവശത്ത്‌
ഒരു കിളിയും
കുറേ പൂക്കളും
കുറേ പുഴുക്കളും
നമ്മളേയും കാത്തിരിക്കുന്നുണ്ട്‌

നമുക്കവർക്ക്‌
ചായ പകർന്ന്
നമുക്കവർക്ക്‌
ഉമ്മകൾ പകർന്ന്
കാലം കഴിക്കാം

നമ്മൾ ഈ വയലിലെ വളവിൽ
മരിച്ച്‌ വീണെന്ന്
എഴുതി വെക്കാം

വാ നാരേട്ടാ
ചൂട്ടെടുത്തോ
തോളിൽ സഞ്ചിയെടുത്തോ
റേഷനരി നിറച്ച്‌

നമുക്കിനി
മരിച്ചവരുടെ ലോകത്ത്‌ ജനിക്കാം
നമുക്കവർക്ക്‌
പത്രം വായിച്ച്‌ കൊടുക്കാം
മനുഷ്യരുടെ പുതിയ ചിത്രം വരഞ്ഞ്‌
നമുക്കവരിൽ കണ്ണീരുണ്ടാക്കാം

വാ നാരേട്ടാ
മരിച്ചവരുടെ ബസ്സ്‌ നമുക്കായി കാത്തിരിക്കുന്നു

ക്യൂ

വയറിളക്കവും പനിയുമായി
ആശുപത്രി വരാന്തയിൽ
മരുന്നിനു കാത്തിരിക്കുമ്പോൾ
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും
നിന്റെ തല കണാൻ ഇടവന്നാൽ
പണ്ട്‌ പറഞ്ഞ പോലെ
ഓടി വന്ന്
പരിചയം പുതുക്കാനോ
എവിടെയാ
എങ്ങനെയാ
എന്ന് വിശേഷം കളിക്കാനോ
ഭർത്താവിന്റെ കൈ പിടിച്ച്‌
ഇവളുടെ ഏട്ടൻ ആണെന്ന് പറയാനോ
കുട്ടിയെ കയ്യിലെടുത്ത്‌
അമ്മാവൻ ചമയാനോ
എനിക്ക്‌ താൽപ്പര്യമുണ്ടായിരിക്കുന്നതല്ല.

കുറിച്ച്‌ തന്ന
വയറിളക്കത്തിന്റെ മരുന്ന്
കിട്ടാതാകുമെന്നും
പനിമാറാതെ ചൂടിൽ തുള്ളുമെന്നും
അറിയാതെ പോലും
ചിന്തിക്കുകയുമില്ല.

മരുന്ന് വാങ്ങാൻ
നിൽക്കുന്നവർക്കിടയിൽ
നീയും ഞാനും
മുന്നിലും പിന്നിലുമായി നിലയുറപ്പിച്ച്‌ കഴിയുമ്പോൾ
നമുക്കിനിയേത്‌ മരുന്നിൽ
ഒന്നാകാം എന്നതിനെക്കുറിച്ചുള്ള
തീവ്രമായ നിരീക്ഷണത്തിലാകും ഞാൻ.

തോളിൽ കിടക്കുന്ന കുഞ്ഞൻ
വായിൽ വിരലിട്ട്‌
തുപ്പൽ എന്റെ മുഖത്താക്കി ചിരിക്കുമ്പോൾ മാത്രമായിരിക്കും
എനിക്ക്‌ ബോധമുണ്ടാകുക.

ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിലായി
ഇന്ന് ഞാനും നീയും

നിന്റെ കൈവിരലുകൾക്ക്‌
നിന്റെ കൈമുട്ടിനു
നിന്റെ വയറിനും
ഞാൻ വരഞ്ഞിട്ടതിലുമധികം പാടുകൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിന്റെ ചെവികൾക്ക്‌ ചുളിവ്‌ വീണിരിക്കുന്നു.
തലമുടി കൊഴിഞ്ഞില്ലാതായി
എന്നൊക്കെ പറയാൻ തോന്നുമായിരിക്കും.

ഒരിക്കൽ പോലും
കാണാനാവില്ലെന്ന് പ്രതീക്ഷിച്ച
ഒരിക്കൽ പോലുമിനി
ഉടലിന്റെ മണം ശ്വസിക്കില്ലെന്ന് പ്രതീക്ഷിച്ചയെനിക്ക്‌
ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിൽ
നീ ഒരലങ്കാരമായിരിക്കുന്നു.

പനിയും വയറിളക്കവും
നീയും നിന്റെ കുഞ്ഞും
കുറച്ചപ്പുറത്ത്‌ ചായയൂതി നിൽക്കുന്ന നിന്റെ ഭർത്താവും
തെയ്യം തുള്ളുന്നത്‌ പോലെ തോന്നുന്നു.

ആശുപത്രി വരാന്തയിൽ
തലകറങ്ങി വീണു മരിച്ച ഒരു കാമുകൻ ആകാൻ എന്നെക്കിട്ടില്ല.

സമ്പന്നരുടെ ക്രിക്കറ്റ്

മാന്യരേ ഞാന്‍ സമ്പന്നന്റെ പ്രതിനിധിയാണ്‌
ഇരുമ്പ് കമ്പികള്‍ വളര്‍ത്തിയെടുത്തതിനു ശേഷം
ഞങ്ങള്‍ പല പല ഇടങ്ങളില്‍
വികസന വിയര്‍പ്പില്‍ മുഷിഞ്ഞ്‌ ജീവിക്കുകയായിരുന്നു.
ഇപ്പോള്‍ പുതിയതായി നടത്തുന്നത്
ആനന്ദത്തിനും വിനോദത്തിനും
പ്രാധാന്യം നല്കിക്കൊണ്ടുള്ള
ന്യൂ ജനറേഷന്‍ ക്രിക്കറ്റ് ആണ്.

ദരിദ്ര മേഖലാ പ്രദേശങ്ങളിലെ
പതിനെട്ടിനിടയിലുള്ള എല്ലും തോലുമായ ആണ്‍കുട്ടികളെയാണ്
എന്‍ഡോസള്‍ഫാന്‍ അമൃത് വര്‍ഷിച്ചയിടങ്ങളിലെ
ഉരുണ്ട് ഭംഗിയുള്ള കുട്ടിത്തലകളെ
ബോള്‍ ആയി
അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയെറിയുന്ന ബാറ്റാക്കിയിരിക്കുന്നത്.
വിക്കറ്റ് ഇ കുട്ടികളുടെയൊക്കെ രക്ഷിതാക്കളാണ്
(മക്കളുടെ പ്രകടനം ലൈവ് ആയി ആസ്വദിക്കുന്നവര്‍)

വിശ്രമ വേളകളില്‍
ഓടിച്ചെന്ന് വലിച്ചിട്ട്
മേയാന്‍ പറ്റുന്ന രീതിയില്‍
പതിനെട്ട് തികഞ്ഞ കന്യകമാരെയും
സ്റ്റേഡിയത്തില്‍ വിന്യസിക്കുന്നുണ്ട്.

മത്സരങ്ങള്‍ക്ക് ശേഷവും 
ആവേശം കെട്ടടങ്ങാതെ
ബോളെടുത്ത് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് വലിച്ചെറിഞ്ഞ്.

മാന്യരേ
സമ്പന്നരുടെ സംഘടന ലോകം മൊത്തം 
ഇ കളി നടത്താന്‍  താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്
കൂടാതെ
സമയക്കുറവ് പരിഗണിച്ച് പലരും
പല നഗരങ്ങളിലും
പല പല രീതിയില്‍
നമ്മുടെ ഇ കളി പരീക്ഷിക്കുന്നുണ്ട്

മാന്യരേ മാന്യരേ
ഞങ്ങള്‍ പാവം സമ്പന്നര്‍ 
ഞങ്ങളുടെ കളികളും നിങ്ങള്‍ ആസ്വദിക്കേണമേ.

മെമ്മറീസ് ആന്‍ഡ്‌ ഡ്രീംസ്‌

കണക്കുകള്‍ കൂട്ടി(ടി)
മടുത്തതിനു ശേഷം
കോടാലി മരം മുറിക്കുന്നത്
പാതി(ളി) (തുറന്നതിന)കള്‍ക്കപ്പുറം
സൂര്യന്‍ എന്ന ചിത്രകാരന്റെ
നേരം പതിക്കുന്നതിലേക്ക്
കുടിനീരിറക്കി കാലം കളഞ്ഞ കാലത്ത്
തലകുത്തനെ നോക്കുന്ന രീതിയില്‍
നിലാവിനെയും നക്ഷത്രങ്ങളെയും ഒരുക്കിയപ്പോള്‍
ക്യാന്‍സര്‍ വന്ന് മരിച്ച രോഗി
കുഷ്ഠം വന്ന് മരിച്ച രോഗി
കെട്ടിത്തൂങ്ങിയ പെണ്‍കുട്ടികള്‍
പരസ്പരം കൈകളും വിരലുകളും മാറി മാറി
ഇന്ദ്രിയങ്ങളില്‍ നിന്ന് ഇന്ദ്രിയങ്ങളില്‍   
ചെരിഞ്ഞ് കിടക്കുന്നതിന്റെ സൊല്യുഷനുകള്‍
കാര്‍മേഘത്തിലേക്ക് തരുമായിരുന്നു

തുമ്മി മടുത്ത മൂക്കും
മൂക്ക് പിഴിഞ്ഞ കയ്യും
പീള നിറഞ്ഞ കണ്ണും
കണ്ണാടിയിലേക്ക് ടാഗ്ഗ് ചെയ്യപ്പെടുന്നതിനും മുന്നേ
എങ്ങനെയായിരുന്നു പാഠഭാഗം  ബാക്കിയായതെന്ന്
തക്കാളിയും ഉള്ളിയും
മെഴുക് തിരിയും താക്കോല്‍ക്കൂട്ടവും നിരന്ന
മേശപ്പുറത്തിനോട് ദേഷ്യപ്പെട്ടിരുന്നു

ഉപ്പ് കൂടിയത് മാത്രം
വാരി വാരിത്തിന്ന്
കുരുമുളക് പൊടിപ്പാത്രം തട്ടി മറിച്ച്
പേന പൂജിക്കാന്‍ പോയവളെയും കാത്ത്
നടന്ന് നീങ്ങുന്ന
കുരിശ് വരഞ്ഞവരെ നോക്കി
നെടുവീര്‍പ്പുകള്‍ ചവച്ച് തീര്‍ത്തവനേ....
നിന്റെ ദൈവം കാക്കയായിരുന്നില്ലേ
അഴുക്ക് തിന്ന്
കിണറ്റിന്റെ കരയിലിരുന്ന്
മരിച്ചവരെ വിരുന്ന് വിളിക്കുന്ന
കാക്കക്കരച്ചിലായിരുന്നില്ലേ നിന്റെ മന്ത്രം

ക്യാന്‍സര്‍ വന്ന് മരിച്ചവരും
കുഷ്ഠം വന്ന് മരിച്ചവരും
നൈറ്റ്‌ ഡ്യൂട്ടിയിലേര്‍പ്പെട്ട പ്രദേശങ്ങളിലേക്ക്
ഞാനെടുത്ത് എന്നെയെറിയുന്നു.

അന്നൊരു കുട്ടി
കണക്ക് പരീക്ഷയില്‍ തോറ്റ വിഷമത്തില്‍
അവിടെയെത്ത(ി)ുമായിരുന്നു(ന്നോ).

പട്ടിണിത്തോറ്റം

(വടക്കന്‍ കേരളത്തിലെ തെയ്യക്കോലങ്ങളുടെ വായ്ത്താരികള്‍ തന്റെ പൈതങ്ങള്‍ക്ക് ഗുണം വരുത്തും എന്ന സൂചന നല്‍കിക്കൊണ്ടാണ്. പട്ടിണി എന്നൊരു തെയ്യമുണ്ടെങ്കില്‍ അതിന്റെ വായ്ത്താരിയും തോറ്റവും എങ്ങനെയായിരിക്കും...?  )

പൊന്നും പൊടിയുമില്ലാതെ പിറന്നവരേ
കുളിരും കോടയും പുതച്ചുറങ്ങുന്നവരേ
അന്തിക്കൂലി കിട്ടാതെ ഉടലുടഞ്ഞവരേ
മക്കളുടെ മണമില്ലാത്ത
കിഴവന്‍മാരെ കിഴവികളേ
ഓടയിലെ ആകാശ സ്വപ്നങ്ങളില്‍
വിശപ്പടക്കുന്ന കുരുന്നുകളേ     
കണ്ണ് കറുത്ത കന്യകമാരേ
പട്ടിണിത്തെയ്യത്തിന്റെ തറവാട്ട് സന്തതികളേ
ഗുണം വരില്ല ഗുണം വരില്ല  ഗുണം വരില്ല
പൊലയാട്ടടയാളങ്ങളേ  

പട്ടിണിക്കോലത്തിന്റെ മുഖത്തെഴുത് ഗുരുക്കളേ
കാളുന്ന കുടലുകള്‍
നിത്യം നേദിക്കുന്ന പൈതങ്ങളേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല

കഞ്ഞിയും പയറും ഉടുമുണ്ടും നല്‍കിയെന്റെ
ശ്രീകോവില്‍ത്തെരുവുകള്‍
പിഴുതെടുത്ത് പിഴുതെടുത്ത്
ആരൂഡം നശിപ്പിച്ചവരേ
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

പന്നികള്‍ ഇണചേരുന്ന ദര്‍ശനക്കാഴ്ച നല്‍കിയെന്റെ-
പൈതങ്ങളെയുമെന്റെ-
ഉയിരുമെന്റെ-
മുറിപ്പാടുകളും
കാത്തുസൂക്ഷിക്കുന്ന പുത്തനുടുപ്പന്‍മാരേ
ഗുണം വരട്ട് ഗുണം വരട്ട് ഗുണം വരട്ട്

അഞ്ഞൂറാണ്ടപ്പുറം-
മുതലിപ്പുറം
അഞ്ഞൂരാണ്ടിലേക്ക്
പട്ടിണിത്തെയ്യക്കോലത്തിന്റെ         
പട്ടിണിത്തോറ്റം മുഴക്കുന്ന
കൂലിപ്പണിക്കാരാ...
ഗുണം വരില്ല  ഗുണം വരില്ല ഗുണം വരില്ല...

ബലിക്കുണ്ടിലേക്ക്
തലയറുത്തിടുക പൈതങ്ങളേ
ഗുണം വരില്ല ഗുണം വരില്ല ഗുണം വരില്ല