നിനക്കുള്ള കത്തുകള്‍


1.
നിന്റെ രാജ്യത്തേക്ക്‌
ഞാൻ നിർമ്മിച്ച
വഴികളിലൊക്കെ
ചുവന്ന വെളിച്ചമുണ്ട്‌.

ഇപ്പോഴുമിപ്പോഴും
ചുവപ്പിൽ നനഞ്ഞ്‌
ഓടിക്കൊണ്ടിരിക്കുന്നത്‌
പച്ചയായി
നിന്റെയൊപ്പം നിലയ്ക്കാനാണു.

2.
കൈത്തണ്ടയിൽ ചൊറിച്ചിലുണ്ടാക്കുന്ന കഴപ്പൻ പ്രവർത്തി ചെയ്യാൻ വിധിക്കപ്പെട്ട പുഴു എന്ന നിലയിൽ നിന്നും പൂമ്പാറ്റയായി വേഷം മാറിയോ, രൂപം ഉപേക്ഷിച്ചോ കൊതിപ്പിച്ച്‌ പറന്ന് പറന്ന് പോയ്ക്കൊണ്ടിരിക്കുന്ന കേവലം കീഴടക്കലുകൾക്കൊന്നും പിടിതരാത്ത എന്തോ ഒന്നായി നീ ജീവിക്കുന്നതിനാൽ.

നിനക്ക്‌ പറക്കാൻ
നാം കലാപം സൃഷ്ടിച്ച തെരുവും
നാം പക്ഷികളിൽ നിന്ന്
ദാനം വാങ്ങിയ അകാശവും
നാം ഉമ്മവെച്ച പുഴക്കരയും
ഞാൻ നിനക്കായി ഉപേക്ഷിക്കുന്നു.

എന്റെ പൂന്തോട്ടങ്ങളിൽ നിന്നും
ഒരു പൂവിന്റെ കന്യകാത്വമെങ്കിലും
നീ തകർക്കുമെന്നും
വസന്തമവിടെ കൊടിയേറുമെന്നും
ഞാൻ

വഴിത്തെറ്റി
ചിറകിൽ ചിത്രം വരയ്ക്കാൻ പോയ നീ......

പൂന്തോട്ടത്തിലെ പൂക്കളുടെ നിറം
വർണ്ണിക്കാൻ ആരുമില്ലാതായി...

3.
നമുക്കൊന്നായ്‌
അകാശങ്ങളിലേക്ക്‌
പറന്നാലോ...
നക്ഷത്രങ്ങളെ
പറിച്ചെടുത്ത്‌
ഉമ്മ കൊളുത്തി
കത്തിച്ചെറിയാം

4.
കരിഞ്ഞ്‌ മണക്കുന്ന
ഓർമ്മയടുപ്പിൽ വെച്ച്‌
ചുട്ടെടുത്തിട്ടും
നീയൊലിക്കുന്ന ഞാനും
ഞാനൊലിക്കുന്ന നീയും.

ഇനിയേത്‌ ചുംമ്പനപ്പുഴയിലൊഴുക്കിയാലും
എനിക്കും നിനക്കും
നമ്മളെന്ന് ജന്മമുണ്ടാകില്ല.

5.
നീ തൂങ്ങിച്ചത്ത കയറായിരുന്നു ഞാൻ



നാരായണൻ എന്ന കൊടിയടയാളം

രാത്രിയതിന്ടെ കൈകാലുകളുപയോഗിച്ച്
ശരീരം പൊതിഞ്ഞ് പിടിച്ചിരിക്കുന്നു
ചട്ടിയും കലവുമെടുത്ത് വീടിനെയുണർത്തുന്ന അമ്മയുടെ കോൾ
രണ്ടരയ്ക്കുള്ള സുപ്പർഫാസ്റ്റ് കാത്ത് കാത്ത്
പറന്നകന്ന പക്ഷികളെക്കുറിച്ചുള്ള മരത്തിന്ടെ നിലവിളിയിൽ മുങ്ങി മുങ്ങി

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോൾ

ആദ്യരാത്രിക്ക് ശേഷം
അടുക്കളയിലേക്ക് പ്രവേശിക്കുന്നവളെപ്പോലെ
സൂര്യനതിന്ടെ ചുവടുകൾ മരങ്ങളിലേക്ക് പുഴകളിലേക്ക് വീടുകളിലേക്ക്
തുറക്കാതെ കിടക്കുന്ന ചായക്കടയ്ക്ക് മുന്നിൽ
പൂച്ച അച്ഛൻ മരിച്ച മകനെപ്പോലെ
ഓർമയിലേക്ക് ചുരുണ്ടുറങ്ങുന്നു           
കുടിവെള്ളം ശേഖരിക്കാൻ വരുന്നവരെ കാത്ത് കാത്ത്
കവലയിലെ കിണർ.

കാക്കി തൊപ്പിയും
ചോന്ന കുപ്പായവുമിട്ട് പട്ടാളക്കാരെപ്പോലെ മാർച്ച് ചെയ്യാറുണ്ടായിരുന്ന
ചായക്കടക്കാരൻ നാരേട്ടനാണ്
ജീവിതത്തിൽ കണ്ടിരിക്കുന്ന ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്
മനുഷ്യരെക്കുറിച്ചുള്ള പാട്ടുമാത്രം
പഴകിയ ടേപ്പ് റെക്കോർഡറിൽ ഒച്ചത്തിൽ വെച്ച്
കട്ടൻചായയിൽ ലോകം കൊയ്തെടുക്കുന്ന സൂത്രം ഒളിപ്പിച്ചവൻ
ആ നാരേട്ടൻ രാത്രിയിൽ മരിച്ചിരിക്കുന്നു

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോഴേക്കും
ആകാശത്തിന്ടെ എത്തിപ്പെടാൻ കഴിയാത്ത പ്രദേശത്തേക്ക്
നാരേട്ടനെ യാത്രയാക്കിയവർ തിരിച്ച് വരുന്നു

തൊണ്ടയിൽ കുടുങ്ങിയ മുള്ളുപോലെ
എന്റെ നാരേട്ടാന്ന്
തെറിച്ച് വീഴുന്നു നിലവിളി

ഓടെടാ നായ്ക്കളേന്ന് ശകാരിച്ചും
കൊല്ലിനെടാ ആ പട്ടികളേന്ന് അധികാരപ്പെട്ടും
കത്തിനിന്ന നാടിന്ടെ ഉച്ചസൂര്യാ
നാടിന്ടെ ഉച്ചസൂര്യാ
നക്ഷത്രങ്ങൾ പൂക്കളമിടുന്ന വയൽവരമ്പത്തിരുന്ന് ബീഡിയൂതുന്നവരെ തനിച്ചാക്കി
നീയേത് ഇടിമുഴക്കങ്ങൾക്കിടയിലേക്കാണ് മറഞ്ഞത്

എന്ടെ നാരേട്ടാ
നാമിനി
ലോകത്തിന്ടെ ഏത് കോണിലിരുന്നാണ്
കമ്മ്യൂണിസത്തിന്ടെ ഭാവിയെക്കുറിച്ച് തർക്കിക്കുക

നിങ്ങൾക്ക് മുന്നിലേക്ക് കീറിക്കീറി വീഴുന്നു
നാടിന്ടെ കൊടിയടയാളം
ചോന്ന് ചോന്ന് നിൽക്കുന്നു ഉച്ചസൂര്യൻ

മരിച്ചവരുടെ ബസ്സിൽ

വടക്ക്‌ നിന്നും
ചുവന്ന നിറത്തിലുള്ള
പൂക്കളെ
മുകളിൽ നിന്നും
ചുവന്ന നിറത്തിലുള്ള
കിളികൾ തിന്നാതിരിക്കുന്നു.

കേവലമൊരു പുഴുവിൽ
കുട്ടികൾ എന്ത്‌ ചെയ്യും
എന്നാലോചിച്ചിരിക്കാം

പൂവുകൾ
പൂവുകളല്ലായിരുന്നെന്ന്
കിളികൾ
പുഴുക്കൾക്ക്‌
കൊത്തി കൊത്തി
കൊക്കി കൊക്കി
പറഞ്ഞ്‌ കൊടുക്കണമായിരുന്നു.

വാ നാരേട്ടാ
നമുക്ക്‌ ചായക്കട പൂട്ടി
നടക്കാൻ തുടങ്ങാം
വടക്ക്‌ വടക്ക്‌
ഒരു വളവിൽ
ഇടതുവശത്ത്‌
ഒരു കിളിയും
കുറേ പൂക്കളും
കുറേ പുഴുക്കളും
നമ്മളേയും കാത്തിരിക്കുന്നുണ്ട്‌

നമുക്കവർക്ക്‌
ചായ പകർന്ന്
നമുക്കവർക്ക്‌
ഉമ്മകൾ പകർന്ന്
കാലം കഴിക്കാം

നമ്മൾ ഈ വയലിലെ വളവിൽ
മരിച്ച്‌ വീണെന്ന്
എഴുതി വെക്കാം

വാ നാരേട്ടാ
ചൂട്ടെടുത്തോ
തോളിൽ സഞ്ചിയെടുത്തോ
റേഷനരി നിറച്ച്‌

നമുക്കിനി
മരിച്ചവരുടെ ലോകത്ത്‌ ജനിക്കാം
നമുക്കവർക്ക്‌
പത്രം വായിച്ച്‌ കൊടുക്കാം
മനുഷ്യരുടെ പുതിയ ചിത്രം വരഞ്ഞ്‌
നമുക്കവരിൽ കണ്ണീരുണ്ടാക്കാം

വാ നാരേട്ടാ
മരിച്ചവരുടെ ബസ്സ്‌ നമുക്കായി കാത്തിരിക്കുന്നു

ക്യൂ

വയറിളക്കവും പനിയുമായി
ആശുപത്രി വരാന്തയിൽ
മരുന്നിനു കാത്തിരിക്കുമ്പോൾ
ആൾക്കൂട്ടങ്ങൾക്കിടയിൽ നിന്നും
നിന്റെ തല കണാൻ ഇടവന്നാൽ
പണ്ട്‌ പറഞ്ഞ പോലെ
ഓടി വന്ന്
പരിചയം പുതുക്കാനോ
എവിടെയാ
എങ്ങനെയാ
എന്ന് വിശേഷം കളിക്കാനോ
ഭർത്താവിന്റെ കൈ പിടിച്ച്‌
ഇവളുടെ ഏട്ടൻ ആണെന്ന് പറയാനോ
കുട്ടിയെ കയ്യിലെടുത്ത്‌
അമ്മാവൻ ചമയാനോ
എനിക്ക്‌ താൽപ്പര്യമുണ്ടായിരിക്കുന്നതല്ല.

കുറിച്ച്‌ തന്ന
വയറിളക്കത്തിന്റെ മരുന്ന്
കിട്ടാതാകുമെന്നും
പനിമാറാതെ ചൂടിൽ തുള്ളുമെന്നും
അറിയാതെ പോലും
ചിന്തിക്കുകയുമില്ല.

മരുന്ന് വാങ്ങാൻ
നിൽക്കുന്നവർക്കിടയിൽ
നീയും ഞാനും
മുന്നിലും പിന്നിലുമായി നിലയുറപ്പിച്ച്‌ കഴിയുമ്പോൾ
നമുക്കിനിയേത്‌ മരുന്നിൽ
ഒന്നാകാം എന്നതിനെക്കുറിച്ചുള്ള
തീവ്രമായ നിരീക്ഷണത്തിലാകും ഞാൻ.

തോളിൽ കിടക്കുന്ന കുഞ്ഞൻ
വായിൽ വിരലിട്ട്‌
തുപ്പൽ എന്റെ മുഖത്താക്കി ചിരിക്കുമ്പോൾ മാത്രമായിരിക്കും
എനിക്ക്‌ ബോധമുണ്ടാകുക.

ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിലായി
ഇന്ന് ഞാനും നീയും

നിന്റെ കൈവിരലുകൾക്ക്‌
നിന്റെ കൈമുട്ടിനു
നിന്റെ വയറിനും
ഞാൻ വരഞ്ഞിട്ടതിലുമധികം പാടുകൾ
പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
നിന്റെ ചെവികൾക്ക്‌ ചുളിവ്‌ വീണിരിക്കുന്നു.
തലമുടി കൊഴിഞ്ഞില്ലാതായി
എന്നൊക്കെ പറയാൻ തോന്നുമായിരിക്കും.

ഒരിക്കൽ പോലും
കാണാനാവില്ലെന്ന് പ്രതീക്ഷിച്ച
ഒരിക്കൽ പോലുമിനി
ഉടലിന്റെ മണം ശ്വസിക്കില്ലെന്ന് പ്രതീക്ഷിച്ചയെനിക്ക്‌
ഓരോരുത്തരായി
ഒഴിഞ്ഞ്‌ മാറിക്കൊണ്ടിരിക്കുന്ന
ഒരു ക്യൂവിൽ
നീ ഒരലങ്കാരമായിരിക്കുന്നു.

പനിയും വയറിളക്കവും
നീയും നിന്റെ കുഞ്ഞും
കുറച്ചപ്പുറത്ത്‌ ചായയൂതി നിൽക്കുന്ന നിന്റെ ഭർത്താവും
തെയ്യം തുള്ളുന്നത്‌ പോലെ തോന്നുന്നു.

ആശുപത്രി വരാന്തയിൽ
തലകറങ്ങി വീണു മരിച്ച ഒരു കാമുകൻ ആകാൻ എന്നെക്കിട്ടില്ല.

സമ്പന്നരുടെ ക്രിക്കറ്റ്

മാന്യരേ ഞാന്‍ സമ്പന്നന്റെ പ്രതിനിധിയാണ്‌
ഇരുമ്പ് കമ്പികള്‍ വളര്‍ത്തിയെടുത്തതിനു ശേഷം
ഞങ്ങള്‍ പല പല ഇടങ്ങളില്‍
വികസന വിയര്‍പ്പില്‍ മുഷിഞ്ഞ്‌ ജീവിക്കുകയായിരുന്നു.
ഇപ്പോള്‍ പുതിയതായി നടത്തുന്നത്
ആനന്ദത്തിനും വിനോദത്തിനും
പ്രാധാന്യം നല്കിക്കൊണ്ടുള്ള
ന്യൂ ജനറേഷന്‍ ക്രിക്കറ്റ് ആണ്.

ദരിദ്ര മേഖലാ പ്രദേശങ്ങളിലെ
പതിനെട്ടിനിടയിലുള്ള എല്ലും തോലുമായ ആണ്‍കുട്ടികളെയാണ്
എന്‍ഡോസള്‍ഫാന്‍ അമൃത് വര്‍ഷിച്ചയിടങ്ങളിലെ
ഉരുണ്ട് ഭംഗിയുള്ള കുട്ടിത്തലകളെ
ബോള്‍ ആയി
അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയെറിയുന്ന ബാറ്റാക്കിയിരിക്കുന്നത്.
വിക്കറ്റ് ഇ കുട്ടികളുടെയൊക്കെ രക്ഷിതാക്കളാണ്
(മക്കളുടെ പ്രകടനം ലൈവ് ആയി ആസ്വദിക്കുന്നവര്‍)

വിശ്രമ വേളകളില്‍
ഓടിച്ചെന്ന് വലിച്ചിട്ട്
മേയാന്‍ പറ്റുന്ന രീതിയില്‍
പതിനെട്ട് തികഞ്ഞ കന്യകമാരെയും
സ്റ്റേഡിയത്തില്‍ വിന്യസിക്കുന്നുണ്ട്.

മത്സരങ്ങള്‍ക്ക് ശേഷവും 
ആവേശം കെട്ടടങ്ങാതെ
ബോളെടുത്ത് വിക്കറ്റിലേക്ക് വലിച്ചെറിഞ്ഞ് വലിച്ചെറിഞ്ഞ്.

മാന്യരേ
സമ്പന്നരുടെ സംഘടന ലോകം മൊത്തം 
ഇ കളി നടത്താന്‍  താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്
കൂടാതെ
സമയക്കുറവ് പരിഗണിച്ച് പലരും
പല നഗരങ്ങളിലും
പല പല രീതിയില്‍
നമ്മുടെ ഇ കളി പരീക്ഷിക്കുന്നുണ്ട്

മാന്യരേ മാന്യരേ
ഞങ്ങള്‍ പാവം സമ്പന്നര്‍ 
ഞങ്ങളുടെ കളികളും നിങ്ങള്‍ ആസ്വദിക്കേണമേ.