പ്രേമത്തിന്റെ നിലവിളി

വീടിനു പിന്നിൽ
ചെറിയ തോട്‌
കടന്നുചെന്നാൽ
കവുങ്ങുകൾക്കിടയിൽ
കശാപ്പുശാല.

പുലർച്ചയിലെ
അലർച്ചകൾ
മ്യഗത്തോലിനൊപ്പം
അവിടമാകെ പരന്ന് കിടക്കുന്നു.

ചോരയിൽ കുതിർന്ന
നീല ടാർപ്പോളിനിൽ
അവളുടെ അപ്പനിരുന്ന്
പന്നിയുടെ തല തൂക്കും
തുട തൂക്കും.

അയാൾ
വീതുളിക്കുപകരം കത്തിയും
മരത്തിനുപകരം പന്നിയും
തിരഞ്ഞെടുത്ത്‌
വിശപ്പിന്റെ
ചിത്രം കൊത്തുന്നു.

കൂടിനിന്നവരുടെ
കാൽവെള്ളയിൽ പറ്റിച്ചേർന്ന്
ഇറച്ചിക്കൊപ്പം
യാത്ര പോകുന്നു,
ചോരയിലും ചെളിയിലും കുഴഞ്ഞ
കശാപ്പുകാരന്റെ നിശ്വാസങ്ങൾ.

അവളുടെ വീടിന്റെ മുന്നിൽ
അയയിൽ കാണാം
മ്യഗച്ചൂട്‌ സ്വപ്നം കണ്ട്‌
സുഖമായുറങ്ങുന്ന കൈലിമുണ്ട്‌.

ഞെട്ടിയുണർന്ന പുലർച്ചകളിൽ
കത്തികഴുകിയ ചോരയ്ക്കൊപ്പം
തോട്ടിലൂടൊഴുകിയകലുന്നത്‌ കേൾക്കാം
അവളുടെ ഓർമ്മകളിൽ പൊതിഞ്ഞ
പ്രേമത്തിന്റെ നിലവിളി.

മാങ്ങാട്ടുപറമ്പിലെ ഷെർലക്‌ ഹോംസ്‌

നരച്ച ഷർട്ട്‌ ധരിച്ച്‌
വ്യത്തിക്ക്‌ ചീകിവെച്ച മുടിയും
കണ്ടാൽ അറുപതിനോടടുത്ത്‌ പ്രായം തോന്നിക്കുന്ന
ഒരാൾ
മാങ്ങാട്ടുപറമ്പിലെ
കഫേ കോഫി ഡേയിൽ ഇരുന്ന്
ദിവസവും മൂന്നുമണിക്ക്‌
കാപ്പികുടിക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം
മരുന്ന് കഴിക്കുന്നതിനുമുന്നേ
കാപ്പികുടിക്കുന്ന ശീലം
വളരെ കാലങ്ങളായി ഞാൻ കൊണ്ടുനടക്കുന്നതാണു.

ഓഫീസിൽ നിന്നിറങ്ങി
ഹൈവേയുടെ ഓരം ചേർന്ന്
അരകിലോമീറ്റർ നടന്ന്
ചോറും സാമ്പാറും മീനും കഴിച്ച്‌
തിരിച്ച്‌ ഓഫീസിലേക്കുള്ള നടത്തത്തിനിടയിൽ
കോഫിഷോപ്പിൽ കയറി
നീല നക്ഷത്രങ്ങൾ തൂക്കിയിട്ടതിനടിയിൽ
മേൽക്കൂരയിലെ
ചെറിയ വിള്ളലിലൂടെ
വെള്ളം അരിച്ചിറങ്ങുന്നത്‌ നോക്കി
കാപ്പികുടിച്ച്‌ പകുതിയാകുമ്പോഴാവും
ദിവസവും അയാൾ
ആ കടയിലേക്ക്‌ കയറിവരിക.

സ്റ്റോപ്പിൽ നിർത്തിയ
കെ.എസ്‌.ആർ.ടി.സി ബസ്സിന്റെ
സൈഡ്‌ ഷീറ്റ്‌ ഷട്ടർ
പൊക്കിയൊരു കുഞ്ഞൻ എന്നെ നോക്കിയ
കാർമ്മേഘങ്ങളുള്ള ആകാശത്തെ സാക്ഷി നിർത്തി
ആ നരച്ച ഷർട്ടുകാരൻ
അന്ന് കടയിലേക്ക്‌ ഓടിക്കയറിയ നിമിഷത്തിൽ
മേൽക്കൂരയിലെ
വിള്ളലിലെ നനവിൽ നിന്നൊരു തുള്ളി
ടേബിളിൽ വീണു പരക്കാൻ തുടങ്ങി.

കടയുടെ വരാന്തയിലേക്ക്‌
മഴ നനയാതിരിക്കാൻ
ഓടിക്കയറിയവരെ തട്ടിമാറ്റി
ഞാനാ ഹൈവേയിലേക്ക്‌
ഇറങ്ങിയോടി.

(Mangattuparamb is a small town in Kannur, It is located near National Highway 66 between Kannur and Taliparamba. It is located about 15 kilometres north of Kannur.) 

നിക്കലുമിരിക്കലും

മുറിയിലെ പൂച്ചയെ കട്ടിലുകൾക്കിടയിൽ
നിന്ന് പിടിച്ച്‌
പുറത്തേക്ക്‌ കൊരുത്തെറിയുകയായിരുന്നു.

പുറത്ത്‌ മഴയിൽ
നനഞ്ഞ്‌ നിൽക്കും ആൽമരക്കീഴിലിരിക്കും
കൊക്കൊരുവട്ടം പറന്നകന്നു നിന്ന മാത്രയിൽ
വെളുത്ത പൂച്ച
കൊരുത്തെറിയപ്പെട്ടു

യില്ലയില്ലയില്ല

യില്ലയില്ലയില്ല
മരംകൊത്തി തെങ്ങോലതുമ്പുകളി
ലില്ലയില്ലയില്ല.

യില്ലയില്ലയില്ല
പരലുള്ള കുളത്തിൽ
പ്രേമത്തിന്റെ നാലുകാലിളക്കമില്ല
യില്ലയില്ലയില്ല.

തണുപ്പിലാ സമുദ്രത്തിലില്ലയില്ലയില്ലാ
നീ തേടും ചൂട്

ശവപ്പറമ്പിനൊരു പ്രേമലേഖനം

ഉച്ചപ്പൂജയ്ക്ക്‌
കൊട്ട്‌ തുടങ്ങുമ്പോൾ
തയ്യൽക്കടയിൽ നിന്നിറങ്ങി
സിഗരറ്റ്‌ വാങ്ങി
ശ്മശാനത്തിനുള്ളിലേക്ക്‌ കയറും.

ടൗണിലെ ബഹളങ്ങൾക്കിടയിൽ നിന്ന്
രണ്ട്‌ വലിയ കശുമാവുകൾ
പൊതിഞ്ഞുവെച്ചിരിക്കുകയാണു ശ്മശാനം.
കശുമാങ്ങ പഴുത്തുവീണു മുളച്ച്‌ പൊന്തിയതും
ചിരട്ടച്ചൂടിനോട്‌ മല്ലിട്ട്‌ ജയിച്ച
എല്ലിൻ കഷ്ണങ്ങളും മാത്രമാണവിടെ.

മുണ്ടൊന്നഴിച്ചുകെട്ടി
മൂത്രമൊഴിച്ച്‌
സിഗരറ്റ്‌ കൊളുത്തി
പുകയെടുത്ത്‌ അങ്ങനെ നിൽക്കുമ്പോ
ഉള്ളിലൊരു സന്തോഷം ഉടലെടുക്കും,
ഈ ശവപ്പറമ്പ്‌
ഉച്ചനേരങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചുകേറ്റി
എന്റെ ദിനചര്യകൾക്ക്‌ തടസമാവാറില്ലല്ലോയെന്നോർത്ത്‌.
അങ്ങനെയിരിക്കേ ശ്മശാനത്തിനോട്‌
ഒരു പ്രേമമൊക്കെ തോന്നും.

ചില ദിവസങ്ങളിൽ
തീകൊളുത്തിയതിനുശേഷം
നാട്ടുകാരും ബന്ധുക്കളും
ഒറ്റയ്ക്കാക്കിപ്പോയ ശരീരങ്ങൾ
നിന്ന് കത്തുന്നുണ്ടാവും,
മുകളിലെ പുകകുഴലിലൂടെ
പഞ്ഞിപോലെ പുക പൊങ്ങുന്നത്‌
നോക്കി നിന്ന്
ആത്മാവിന്റെ അഴിഞ്ഞാട്ടമെന്നൊക്കെ
സങ്കൽപ്പിക്കാൻ നല്ല രസമാണു.

തീയണഞ്ഞ്‌ തണുത്ത്‌ വിറച്ച
എന്റെ പൊന്നു ശ്മശാനമേ
നിനക്ക്‌ ഞാനൊരു കമ്പിളിപ്പുതപ്പാവട്ടേന്ന്
കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ വരികളൊക്കെ
എടുത്ത്‌ പ്രയോഗിക്കാൻ തോന്നും ഇടയ്ക്ക്‌.

റീത്തുകളിലെ സംഘടനകളുടേയും
സൊസൈറ്റികളുടേയും ട്രസ്റ്റുകളുടേയുമൊക്കെ
പേരുകൾ വായിച്ച്‌ രസിച്ച്‌
മണ്ടന്മാർ പൂക്കൾ വേസ്റ്റാക്കിയെന്നോർത്ത്‌
തീപ്പെട്ടിയെ സ്ഥിരം സ്ഥാനത്തൊളിപ്പിച്ച്‌
കടയിലേക്ക്‌ തിരിച്ചുവരുന്നതുവരെ
എന്റെ പൊന്നു ശ്മശാനമേ
സത്യമായും ഒരു പേടിയുണ്ടാവാറുണ്ട്‌
പരിചയക്കാരാരേലും കണ്ടിട്ടുണ്ടാവുമോന്ന്.