ശവപ്പറമ്പിനൊരു പ്രേമലേഖനം

ഉച്ചപ്പൂജയ്ക്ക്‌
കൊട്ട്‌ തുടങ്ങുമ്പോൾ
തയ്യൽക്കടയിൽ നിന്നിറങ്ങി
സിഗരറ്റ്‌ വാങ്ങി
ശ്മശാനത്തിനുള്ളിലേക്ക്‌ കയറും.

ടൗണിലെ ബഹളങ്ങൾക്കിടയിൽ നിന്ന്
രണ്ട്‌ വലിയ കശുമാവുകൾ
പൊതിഞ്ഞുവെച്ചിരിക്കുകയാണു ശ്മശാനം.
കശുമാങ്ങ പഴുത്തുവീണു മുളച്ച്‌ പൊന്തിയതും
ചിരട്ടച്ചൂടിനോട്‌ മല്ലിട്ട്‌ ജയിച്ച
എല്ലിൻ കഷ്ണങ്ങളും മാത്രമാണവിടെ.

മുണ്ടൊന്നഴിച്ചുകെട്ടി
മൂത്രമൊഴിച്ച്‌
സിഗരറ്റ്‌ കൊളുത്തി
പുകയെടുത്ത്‌ അങ്ങനെ നിൽക്കുമ്പോ
ഉള്ളിലൊരു സന്തോഷം ഉടലെടുക്കും,
ഈ ശവപ്പറമ്പ്‌
ഉച്ചനേരങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളെ വിളിച്ചുകേറ്റി
എന്റെ ദിനചര്യകൾക്ക്‌ തടസമാവാറില്ലല്ലോയെന്നോർത്ത്‌.
അങ്ങനെയിരിക്കേ ശ്മശാനത്തിനോട്‌
ഒരു പ്രേമമൊക്കെ തോന്നും.

ചില ദിവസങ്ങളിൽ
തീകൊളുത്തിയതിനുശേഷം
നാട്ടുകാരും ബന്ധുക്കളും
ഒറ്റയ്ക്കാക്കിപ്പോയ ശരീരങ്ങൾ
നിന്ന് കത്തുന്നുണ്ടാവും,
മുകളിലെ പുകകുഴലിലൂടെ
പഞ്ഞിപോലെ പുക പൊങ്ങുന്നത്‌
നോക്കി നിന്ന്
ആത്മാവിന്റെ അഴിഞ്ഞാട്ടമെന്നൊക്കെ
സങ്കൽപ്പിക്കാൻ നല്ല രസമാണു.

തീയണഞ്ഞ്‌ തണുത്ത്‌ വിറച്ച
എന്റെ പൊന്നു ശ്മശാനമേ
നിനക്ക്‌ ഞാനൊരു കമ്പിളിപ്പുതപ്പാവട്ടേന്ന്
കട്ടയ്ക്ക്‌ കട്ടയ്ക്ക്‌ വരികളൊക്കെ
എടുത്ത്‌ പ്രയോഗിക്കാൻ തോന്നും ഇടയ്ക്ക്‌.

റീത്തുകളിലെ സംഘടനകളുടേയും
സൊസൈറ്റികളുടേയും ട്രസ്റ്റുകളുടേയുമൊക്കെ
പേരുകൾ വായിച്ച്‌ രസിച്ച്‌
മണ്ടന്മാർ പൂക്കൾ വേസ്റ്റാക്കിയെന്നോർത്ത്‌
തീപ്പെട്ടിയെ സ്ഥിരം സ്ഥാനത്തൊളിപ്പിച്ച്‌
കടയിലേക്ക്‌ തിരിച്ചുവരുന്നതുവരെ
എന്റെ പൊന്നു ശ്മശാനമേ
സത്യമായും ഒരു പേടിയുണ്ടാവാറുണ്ട്‌
പരിചയക്കാരാരേലും കണ്ടിട്ടുണ്ടാവുമോന്ന്.

No comments:

Post a Comment