കാട്ടുപൊന്തയുടെ പാട്ട്

‌അവധിക്ക്‌ വീട്ടിലിരിക്കുന്ന നേരത്ത്‌
വെറുതേ പുഴയിലേക്കിറങ്ങി.

ചേറലക്കിയലക്കിയുണക്കി 
പെണ്ണുങ്ങൾ പോയയുടനെ
പാറയിൽ ഇരിപ്പുറപ്പിച്ച
തുമ്പിയെ കല്ലെടുത്തെറിഞ്ഞ്‌ 
ഒരാട്ടുവെച്ചുകൊടുത്ത്‌ കുത്തിയിരുന്ന് 
ഉരുളൻ കല്ലുകൾ പെറുക്കി
കൂട്ടിയുരച്ച്‌ ഈണമുണ്ടാക്കി സുഖിച്ചു.

അക്കരെ കവുങ്ങുംതോപ്പിൽ
പന്നിയെ തൂക്കിവിൽക്കണതിന്റെ ബഹളം.
സഞ്ചിയും തൂക്കി
പുഴകടക്കുന്ന ഓരോരുത്തരുടേയും
കണ്ണിൽ തിളങ്ങുന്നു ഇറച്ചിച്ചൂട്‌

സമയം പോകെപ്പോകെ
വെയിലു ചീറിപ്പാഞ്ഞ്‌
ചൂട്‌ നാറിത്തുടങ്ങിയപ്പോ
പെറുക്കിക്കൂട്ടിയ കല്ല്
വെള്ളത്തിനുമേൽ തെറ്റിച്ചുവിട്ട്‌
കയറിപ്പോരാൻ നോക്കുന്നതിനെടേൽ
തൊട്ടടുത്തെ പൊന്തയ്ക്കുള്ളിൽ നിന്ന്
കുരുവികളുടെ സിംഫണി.

പെട്ടെന്നോർമ്മകൾ
കട്ടുപൊന്തയോളം നരച്ചു,
അതിനുള്ളിൽ മരിച്ചുവീണ
കൊച്ചുപുസ്തകങ്ങളിലെ നായികമാർ
കൈമാടി വിളിക്കുന്നു,
വർഷങ്ങൾക്കുശേഷം കണ്ട കൂട്ടുകാരനെപ്പോലെ വള്ളിപ്പടർപ്പുകൾ.

പൊന്തയ്ക്കുള്ളിൽ ഇരുട്ടിൽ
അറവ്‌ കത്തിയുടെ മൂർച്ച
ചോരത്തണുപ്പ്‌ തേടി വിയർത്ത്‌ 
പെരുവിരലിൽ നിന്നു
പുസ്തകങ്ങളൊളിപ്പിച്ച പൊത്തിൽ
മരണക്കൊത്തേൽക്കാൻ 
പ്രേമത്തിന്റെ വിഷം കാത്തുവെച്ച്‌
കടന്നുപോയവരെയറിയാതെ.

ശംഖ്‌

കടൽക്കരയ്ക്കിരുന്ന്
കയ്യിലൊതുക്കിപ്പിടിച്ച തത്തയ്ക്ക്‌
ഭക്ഷണം കൊടുക്കുന്നു
ചുണ്ടിനോർമ്മ തിരയ്ക്കൊപ്പമെത്തി
കാലിനെത്തൊട്ട്‌ തലോടിയ നേരത്ത്‌.

മുംബൈ

മറൈൻ ഡ്രൈവിൽ
ഫോട്ടോഗ്രാഫേഴ്സ്‌ പകർത്തി പകർത്തി
നരച്ചുപോയ തിരകൾ നോക്കി
ദൂരെ പക്ഷിയുടെ മരണം ഓർമ്മിപ്പിക്കും
കപ്പലുകൾ നോക്കി- വെറുതെയിരുന്നു.

മുഹമ്മദും ഞാനും ചെന്നിരിക്കാറുണ്ടായിരുന്ന
കരിങ്കല്ലുകൾ ഞാൻ തൊട്ടുനോക്കി,
അതേ തണുപ്പ്‌-

അന്ന് പരിചയപ്പെട്ടപ്പോൾ പറഞ്ഞിരുന്ന, നേവൽ ബേസിലെ പ്രാവുകളെ പിടിക്കാൻ പോകാറുണ്ടെന്നും, അവർ ആ പ്രാവുകളെ ജീവനോടെ കൂട്ടിലാക്കി കപ്പലിൽ കയറ്റി വമ്പൻ മീനുകൾ പുളയ്ക്കും ആഴങ്ങളിലെത്തുമ്പോൾ അവയെ തുറന്ന് വിടുമെന്നും, അവറ്റകൾ ചിറകുകളുടെ തളർച്ച മാറ്റാൻ ഒരു കൂര കിട്ടാതെ നടുക്കടലിൽ പറന്നുപറന്ന് ചിറകൊടിഞ്ഞ്‌ ചത്ത്‌ കടലിൽ വീഴുമെന്നും ആ പാപത്തിനു കൂട്ടുനിൽക്കാറു ഞാനാണെന്നും പറഞ്ഞ്‌ മുഹമ്മദ്‌ കരഞ്ഞിരുന്നപ്പോൾ എനിക്ക്‌ തോന്നിയ

-അതേ തണുപ്പ്‌

മുഹമ്മദ്‌ മരിക്കാറായ കാലത്ത്‌
അയാളുടെ മുഖത്ത്‌
പ്രാവുകളുടെ നിറമുണ്ടോന്ന്
തിരഞ്ഞതോർത്ത്‌,
ദൂരെ പക്ഷിയുടെ മരണം
ഓർമ്മിപ്പിക്കും കപ്പലുകൾ നോക്കി- വെറുതെയിരുന്നു.