2010 Dec 31 to 2013 Jul

2010 Dec 31 
സ്വന്തം ചരിത്രത്തിലേക്ക് 
എഴുതിച്ചേർത്തതിന്റെ 
നിശബ്ദത അനുഭവിക്കുകയാണ്
2013 Jul 25നു ശേഷം.

Dec 31 വെള്ളിയാഴ്ചയിലെ സൂര്യൻ  
മാപ്പിളകളും കൃസ്ത്യാനികളും ഹൈന്ദവരും 
നിലവിളിക്കുന്നിടത്ത് നിന്നും 
ഉറക്കത്തിന്റെ എച്ചിലുകൾ 
ചുമന്ന് വന്നൊരു ചെക്കന്റെ 
അമ്പരപ്പും അപരിചിതത്വവും 
കണ്ടുണരരുകയായിരുന്നു.

പാടില്ലാത്തതെന്ന് 
പലവട്ടം 
തെരുവിലെ ഉച്ചഭാഷിണിയിലൂടെ 
തൊണ്ടയിലെ തുപ്പൽ വറ്റിക്കുന്നതിൽ നിന്നും  
കേട്ടറിഞ്ഞ നാട്ടിലെത്തി 
അച്ഛാ എന്നും 
അമ്മേ എന്നും 
പറഞ്ഞ് നിന്നിരുന്നു.

വെയിലും പകലും 
വെയിലില്ലാത്ത രാത്രിയും 
രാത്രിയിലെ പകലും 
കുളിരും ചൂടും 
മാറി മാറി... 

മൂന്ന് വർഷത്തിലേക്ക് 
എത്തിപ്പെട്ടതിനിടയിൽ 
കുടിച്ച് തീർത്ത മദ്യമേ 
വലിച്ച് തീർത്ത വിരസതേ 
പോകുകയാണ് ഞാൻ.

വൃത്തിയും  
വർക്കത്തുമുള്ളോരു കാറ്റിനേയും
ദുർവിനിയോഗം ചെയ്യാത്തൊരു 
ചിരിയേയും കാമിച്ചിട്ട് 
കാലമെത്രയായെന്ന് പരിഭവപ്പെട്ട്,
കുണുങ്ങിക്കുണുങ്ങി പെണ്ണേ 
ഈ ചെക്കനിലേക്ക് 
നീയിനിയെത്തില്ലെന്നോർത്ത് 
മുഖം കുനിച്ച് 
ഞാൻ യാത്രയാവുന്നു.

മൂന്ന് ദിവസത്തേക്ക് മരിക്കുകയും 
പിന്നെയും പിന്നെയും 
ജീവിക്കുകയും 
പിന്നെയും പിന്നെയും മരിക്കുകയും 
ചെയ്തുകൊണ്ടിരുന്ന 
നാടിന്റെ ദൈവമേ
നിർത്തിയിട്ട വണ്ടി പോലെ നിശബ്ദമായ 
എന്റെ മുറിയും 
മുറിയിലെ പുകയും 
പുകയിലലിഞ്ഞ ഓർമകളും 
പിഴച്ച് പെറ്റ്പോയ 
കുട്ടിയെ പോലെ കാക്കുക.

വളരെ വിചിത്രമായി 
ചിത്രീകരിക്കപ്പെട്ട നഗരത്തിന്റെ 
മാറിലൂടെ 
വേശ്യകൾക്കിടയിലൂടെ 
കൊടിത്തോരണങ്ങളും മൈനകളും തത്തകളും 
ചത്തുമലച്ച വിടവിലൂടെ 
ഞാൻ യാത്രയാവുകയാണ് 

മൂന്ന് വർഷത്തെ 
പട്ടിപ്പകലുക*ളേ...
ഒരിറ്റും ബാക്കി നിർത്താതെ 
വലിച്ചെറിയുന്നു...

(2010 Dec 31 ആദ്യമായി ഡൽഹിയിൽ വന്നു: 2013 Julയിൽ തിരിച്ച് യാത്രയാവുന്നു 
(*വല്ലാതെ കഷ്ട്ടപ്പെട്ട ഡൽഹിയിലെ ദിവസങ്ങൾക്ക് ഞങ്ങൾ നല്കിയ പേര്)

പുര നിറഞ്ഞ ആണ്‍പിള്ളേർ

വീട്ടിൽ നിന്നിറങ്ങി നടക്കുമ്പോൾ 
എതിരെ വരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ 
തല്ലിപ്പോകുമോന്ന് ഭയപ്പെട്ട് 
കണ്ടില്ലെന്ന് നടിക്കും,
"എന്തൊക്കെയാ കുഞ്ഞി പണിയൊക്കെ എങ്ങനെയെന്ന ചോദ്യത്തിന്"
ഉഷാറായി പോകുന്നു; നിന്റമ്മോൻ ശരിയാക്കി തന്ന പണിയെന്ന്
ഉത്തരം കൊടുക്കാൻ 
നാക്ക് പെടക്കും 
ഏച്ചീന്റെ നഴ്സിംഗ് ആപ്ലിക്കേഷൻ 
പരിയാരത്ത് പെൻഡിങ്ങിലെന്നോർത്ത് 
ഉഷാറെന്നേന്ന് നിശബ്ധനാവും.

ചായ പീടിയയിലെത്തിയാൽ
വാസുവേട്ടനും ജോണ്‍സേട്ടനും 
ഇ നാട് നന്നാവില്ലെന്ന് 
പത്രം നോക്കി വിഷമം പറയുന്നുണ്ടാവും 
ശവങ്ങൾ എന്ന ഒറ്റവാക്കിലൊതുക്കും 
പുരാണം പരച്ചിലിനുള്ള മറുപടി.

ഒരുത്തനോട് 
നിന്റച്ചനെക്കൂട്ടിക്കോ പെയിന്റിങ്ങിനെന്നും 
മറ്റൊരുത്തനോട് 
അഞ്ചിന്റെ പൈസയില്ല കയ്യിൽ 
ഷാപ്പിലേക്ക് ഞാനില്ലയെന്നും പറയും.

വായനശാലയിൽ കുത്തിയിരുന്ന് 
വായിച്ചത് പിന്നെയും പിന്നെയും 
തുടച്ച് നക്കീട്ട് 
ആധികാരികമായ ഭാഷയിൽ 
മുന്നിലിരിക്കുന്നവനോട് പറയും 
ആനുകാലികങ്ങളൊന്നും പണ്ടത്തെയത്ര നിലവാരമില്ലെന്ന്.

സിഗരറ്റ് പുകയ്ക്കാൻ 
ടൌണിലെ കക്കൂസിൽ കയറിയിട്ട് 
കണ്ണാടിയിലേക്ക് നോക്കുമ്പോൾ 
വല്ലാണ്ടങ്ങ് ഗൗരവപ്പെട്ട് 
നിനക്ക് നന്നാകണ്ടേന്ന് സ്വയം ചോദിക്കും 
നന്നാകണമെന്ന് ഉത്തരവും കണ്ടെത്തും.

കല്യാണത്തിന് പോയാൽ 
പന്തലിലിരുന്ന് ചോറുണ്ണുമ്പോൾ  
ഇതൊക്കെയങ്ങ് വാരി എറിഞ്ഞാലൊന്ന് തോന്നു,
"എന്തൊക്കെയാടാ സ്കൂളിലൊക്കെ വിശേഷമെന്ന് 
അടുത്തിരിക്കുന്ന ചെക്കനോട് കുശലം പറഞ്ഞ്
സമാധാനപ്പെടും"

മരിച്ച വീട്ടിൽ പോയി 
നിലവിളി കേൾക്കുമ്പോൾ 
ഉച്ചത്തിൽ ചിരിക്കാൻ തോന്നും 
"കണ്ടിട്ടെത്ര നാളായെന്ന്" 
മുറുക്കിച്ചോപ്പിച്ച കിട്ടേട്ടന്റെ വായ നോക്കി 
വെറുതെ ചോദിച്ച് 
"പന്ന തൊണ്ടൻ എല്ലാടത്തും എത്തിക്കോളുമെന്ന്" 
മനസ്സിൽ പറഞ്ഞ് 
അവിടുന്നും തടിയൂരും.

സിനിമയ്ക്ക് പോയാൽ 
മറ്റേലെപ്പടമെന്ന് 
ഒറ്റവാക്കിൽ നിരൂപിക്കും.

"അളിയാ എന്തുണ്ടെടാ,
എങ്ങോട്ടേക്കാ,
ഞാനിപ്പോ അങ്ങനെയിങ്ങനെ,
ആയിക്കോട്ടെ വിലിക്കാമെടാ"
കാണുന്ന കൂട്ടുകാർക്കൊക്കെ 
പതിവ് ചോദ്യോത്തരങ്ങൾ സമ്മാനിച്ച് 

വായനശാലേന്ന് 
കാമസൂത്രം കട്ടെടുത്ത്
ഞാൻ ശരിക്കുമൊരു ഭ്രാന്തനല്ലേന്ന് 
സ്വയം ചോദിച്ച് 
എന്തൊലക്കയെങ്കിലുമാകട്ടേന്ന് ചിന്തിച്ച് 
മിണ്ടാതെ വീട്ടില്‍ക്കയറി
ഉള്ളത് തിന്നിട്ട് 
ഞാൻ വായിക്കാൻ പോകുകയാ 
ശല്യം ചെയ്യേണ്ടെന്നാന്ജാപിച്ച് 
അങനെ അങ്ങനെ..... 

നിന്നെ കൊത്തിത്തിന്ന പകൽ

ഉതിർന്നുപോയ 
നക്ഷത്ര സമൂഹങ്ങളുടെ 
ചൂട്ട് വെളിച്ചം തേടിപ്പോയി 
പുകയുടെ വരയും കുറിയും.

അത് നീയാ(ഞാനാ)യിരുന്നോ
അത് നീയാ(ഞാനാ)യിരുന്നോ 
അവന്റെ കറവീണ പല്ലുകളിലേക്ക് 
കണ്ണിറുക്കിപ്പോയൊരു ദിനം.

പിരിയൻ ഗോവണിക്ക് മുകളിലൊരാകാശം
തുണിയുടുക്കാത്ത കന്യകയെപ്പോലെ 
വിളറിയിരിക്കുന്ന കാഴ്ച 
നേത്രങ്ങൾക്ക് കുറിക്കാൻ  
ചിത്രകലയുടെ നഗ്നതയിൽ 
കൂട്ടുകിടന്നവനെ 
കോളയിൽ ചീർത്ത 
തലമുറയുടെ പ്രതീകമേ പ്രതീകമേ 
വേണ്ട വേണ്ടയെന്ന് 
മുരടനക്കാനറിയാത്തവനൊരുക്കിയ കെണിയാണ്‌ 
നിന്റെ പ്രദർശനങ്ങൾ.

ധ്യാനിച്ച്‌ നിശബ്ധമായിപ്പോയി 
നിർഭയയ്ക്കും, ആണ്‍ ലിംഗത്തിനും, കുപ്പത്തൊട്ടിക്കും മുന്നിൽ.

തൂങ്ങിച്ചത്തവരുടെ  സ്വപ്നങ്ങൾ 
ശവപ്പറമ്പിൽ  
നിര നിരയായി കൊത്തിവെക്കപ്പെട്ടിട്ടുണ്ടാവാം.
കൊട്ടാരങ്ങളെ നിലയില്ലാതാക്കേണ്ടതും 
പിഴുതെറിയേണ്ടതും
എന്റെ തലമുറയുടെ കടമയാണ്
എന്റെ തലമുറയുടെ കടമയാണ്.

കാലിടറിപ്പോയ എന്നെയും നിന്നെയും 
എടുത്തുവെച്ചിരിക്കുന്നു 
മൈനകൾ കൊത്തിത്തിന്നുന്ന പുഴുവിന്റെ വരയലിൽ.
ഒരു മൈന നീ 
ഒരു മൈന ഞാൻ 
കൊത്തിത്തി(ന്നു)ന്നത് നമ്മളെ
ഇര നമ്മൾ.

ഈ ലോകത്തിലെ പുഴുക്കളേ
ഈ ലോകത്തിലെ അഴുക്കേ
നിങ്ങളിരയാണ് നിങ്ങളിരയാണെന്ന് 
ഒർമപ്പെടുത്തുന്നവൻ 
നക്ഷത്രങ്ങളിലാണെന്റെ പ്രതീക്ഷയെന്ന് 
ചുണ്ടനക്കുന്നുണ്ട് 
അവിടെ 
ലജ്പത് നഗറിൽ.

(ജസ്വന്തിന്, ഉമ്മ തന്ന അവന്റെ കാമുകിക്ക്, അവന്റെ ചിത്രങ്ങൾക്ക്)

Race Course-110003

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടി 
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുണരുന്നു പകലുകൾ.

കുതിരക്കാരന്റെ ഭാര്യയെ 
കണി കാണുന്നു 
വെയിലുകൾ പക്ഷികൾ.

കൂട്ടിക്കൊടുപ്പുകാരന്റെ കൂടെയോടി 
തളർന്നു ചുരുണ്ട് കിടന്നുറങ്ങുന്നു 
തെരുവിന്റെ ഗായിക.

മഹാനഗരത്തെ നക്കി ജീവിക്കുന്ന 
പട്ടികൾക്കും പന്നികൾക്കുമിടയിലൂടെ 
പിഴച്ചുപെറ്റ സന്തോഷം 
പങ്കിടുന്നു അപരിചിതർ.

പറന്ന് വീണ പട്ടത്തിന്റെ 
നിഴലുകണ്ട് നീന്തിയടുക്കുന്ന മീനുകൾ 
ശുക്ലമുപേക്ഷിച്ച് തോർത്തിക്കയറുന്നവന്റെ
കാലുകൾ കൊത്തിപ്പറിക്കുന്നു.

മരിച്ച് തിരിച്ചെത്തിയവനെപ്പോലെ
കണ്ണുകൾ
ഗായികേ... 
എന്റെ ഗായികേന്ന് തിരയുന്നു.

ചത്തപെണ്ണിന്റെ മുലകുടിക്കുന്ന 
കുട്ടിയുടെ അറിവില്ലായ്മയാണ് 
നിനക്ക് ഞാനെന്ന് 
എന്നെയറിയിക്കാത്തവളെ
വലിച്ച് കീറി 
വലിച്ച് കീറി.

ബാക്കിയായ 
പട്ടം തേടിയലയുന്ന 
കുട്ടിയുടെ കരച്ചിൽ 
കൈവിട്ടുപോയ 
നൂല് തിരികെ കിട്ടിയ 
കുട്ടിയുടെ ചിരി.

എന്റെ കൂടെ പുകയൂതിയ പെണ്ണേ 
എനിക്ക് ചായ നല്കിയ ചെക്കാ
എനിക്ക് ഗ്ലാസ്‌ പകർന്ന മുനിയേ
നിങ്ങളിലൂടെ 
തുടരുന്ന 
പരാഗണത്തിന്റെ നിയമമേ.

നമ്മുടെ പകലുകൾ 
നമ്മുടെ വെയിൽ 
നമ്മുടെ കാറ്റ് 
നമ്മുടെ മഴ 
തുടർന്ന് പോകുന്നു 
(അ)പരാജിതന്റെ വീർപ്പുമുട്ടൽ.

ജലാശയത്തിലേക്ക് 
കീറിവീണ പട്ടത്തിന്റെ 
അവശേഷിപ്പുകൾ തേടിയെടുത്ത്  
കുട്ടികളുടെ ചിരിയൊച്ചകൾ 
ഓടിമറഞ്ഞടുക്കുന്ന
തെരുവിൽ നിന്നൊരു 
കബ്ബാൾ അലറുന്നത് 
കേട്ടുറങ്ങുന്നു പകലുകൾ
ഉണരുന്നു രാത്രികൾ.

(ഡൽഹിയിലെ race course എന്ന സ്ഥലം വേദനാജനകമായ കാഴ്ചകൾ സമ്മാനിക്കുന്നു)