ഉതിർന്നുപോയ
നക്ഷത്ര സമൂഹങ്ങളുടെ
ചൂട്ട് വെളിച്ചം തേടിപ്പോയി
പുകയുടെ വരയും കുറിയും.
അത് നീയാ(ഞാനാ)യിരുന്നോ
അത് നീയാ(ഞാനാ)യിരുന്നോ
അവന്റെ കറവീണ പല്ലുകളിലേക്ക്
കണ്ണിറുക്കിപ്പോയൊരു ദിനം.
പിരിയൻ ഗോവണിക്ക് മുകളിലൊരാകാശം
തുണിയുടുക്കാത്ത കന്യകയെപ്പോലെ
വിളറിയിരിക്കുന്ന കാഴ്ച
നേത്രങ്ങൾക്ക് കുറിക്കാൻ
ചിത്രകലയുടെ നഗ്നതയിൽ
കൂട്ടുകിടന്നവനെ
കോളയിൽ ചീർത്ത
തലമുറയുടെ പ്രതീകമേ പ്രതീകമേ
വേണ്ട വേണ്ടയെന്ന്
മുരടനക്കാനറിയാത്തവനൊരുക്കിയ കെണിയാണ്
നിന്റെ പ്രദർശനങ്ങൾ.
ധ്യാനിച്ച് നിശബ്ധമായിപ്പോയി
നിർഭയയ്ക്കും, ആണ്‍ ലിംഗത്തിനും, കുപ്പത്തൊട്ടിക്കും മുന്നിൽ.
തൂങ്ങിച്ചത്തവരുടെ സ്വപ്നങ്ങൾ
ശവപ്പറമ്പിൽ
നിര നിരയായി കൊത്തിവെക്കപ്പെട്ടിട്ടുണ്ടാവാം.
കൊട്ടാരങ്ങളെ നിലയില്ലാതാക്കേണ്ടതും
പിഴുതെറിയേണ്ടതും
എന്റെ തലമുറയുടെ കടമയാണ്
എന്റെ തലമുറയുടെ കടമയാണ്.
കാലിടറിപ്പോയ എന്നെയും നിന്നെയും
എടുത്തുവെച്ചിരിക്കുന്നു
മൈനകൾ കൊത്തിത്തിന്നുന്ന പുഴുവിന്റെ വരയലിൽ.
ഒരു മൈന നീ
ഒരു മൈന ഞാൻ
കൊത്തിത്തി(ന്നു)ന്നത് നമ്മളെ
ഇര നമ്മൾ.
ഈ ലോകത്തിലെ പുഴുക്കളേ
ഈ ലോകത്തിലെ അഴുക്കേ
നിങ്ങളിരയാണ് നിങ്ങളിരയാണെന്ന്
ഒർമപ്പെടുത്തുന്നവൻ
നക്ഷത്രങ്ങളിലാണെന്റെ പ്രതീക്ഷയെന്ന്
ചുണ്ടനക്കുന്നുണ്ട്
അവിടെ
ലജ്പത് നഗറിൽ.
(ജസ്വന്തിന്, ഉമ്മ തന്ന അവന്റെ കാമുകിക്ക്, അവന്റെ ചിത്രങ്ങൾക്ക്)
No comments:
Post a Comment