ഡെയ്‌ലി ലൈഫ്‌

കുളിക്കാൻ പോകുമ്പോൾ

ഏറ്റവും നല്ല വിയർപ്പ്‌
വെയിലിനോട്‌ ചോദിച്ച്‌ ചോദിച്ച്‌
മരത്തണലിൽ പക്ഷികളോടൊപ്പം
സിഗരറ്റ്‌ പുകച്ച ഓർമ്മകൾ

പൊരിവെയിലിൽ
പട്ടം വിൽക്കുന്ന പെൺകുട്ടിയുടെ മണം,

അവസാനത്തെ തീവണ്ടിയിൽ
ശരീരത്തോടൊപ്പം വീട്ടിലേക്ക്‌ കയറിവരുന്നു
അടുത്തിരുന്നവന്റെ വേദനകൾ,
അടുത്തിരുന്നവളുടെ ഉടൽ

കുളിമുറിയിൽ
ചൂടുവെള്ളത്തിലേക്ക്‌ നിഴൽ പായിച്ച്‌ നിൽക്കുന്ന എന്നിലൂടെ
വിയർപ്പും വെയിലും
മരത്തണലും പക്ഷികളും സിഗരറ്റും
പട്ടവും അവനും അവളും ഇറങ്ങിയോടുന്നു

ഷവർമ്മ ഒരുദിവസത്തെ കെട്ടിയിടുന്നതുപോലെ
പണിപ്പെട്ട്‌
പകലിന്റെ ഓർമ്മയിൽ നിന്നും
ശരീരം തിരിച്ചുപിടിച്ച്‌
രാത്രിയിലേക്ക്‌ വിരിച്ചിടുന്നു.

ട്രാഫിക്ക്‌ ബ്ലോക്കിൽ
ബൈക്കുകൾ കാണിക്കുന്ന സാഹസികങ്ങൾ പോലെ
വലത്തോട്ടും ഇടത്തോട്ടും
മുന്നോട്ടും പിന്നോട്ടും
നീക്കങ്ങൾ നടത്തി
കിടപ്പറയിൽ
പെണ്ണുടലായി പരിഭാഷപ്പെട്ട്‌
ആണുടലായി കൂടെയുള്ളവളെ പരിഭാഷപ്പെടുത്തി
ചവച്ച്‌ ചവച്ച്‌
വീണ്ടും ചവയ്ക്കാനുള്ള
സാധ്യതകൾ നിലനിർത്തി തുപ്പുന്നു.

ഉറുമ്പുകൾ കണ്ണാടിച്ചില്ലിലൂടെ
വരിയായി നീങ്ങുന്നത്‌ നോക്കി നോക്കി
വിയർപ്പിന്റെയും മരത്തണലിന്റെയും
പക്ഷികളുടെയും സിഗരറ്റിന്റെയും
അവന്റെയും അവളുടെയും
ഓർമ്മകൾ മാറ്റിനിർത്തി
പൊതിഞ്ഞെടുക്കേണ്ടവയെക്കുറിച്ച്‌ ചിന്തിച്ച്‌
കുളിക്കാൻ പോകുന്നു.

മുറിവുകൾ

തലയ്ക്ക്‌ മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന
ഫാനായി സ്വപ്നം കവർന്നെടുക്കുമ്പോൾ
കറങ്ങിക്കൊണ്ടിരിക്കുന്ന
അനേകം ചിറകുകൾ മുളയ്ക്കുന്നു.
മുറിവുകളുണ്ടാക്കിയ വേദനയിൽ
തളർന്നുറങ്ങുന്നവന്റെ തലയ്ക്ക്‌ മുകളിൽ ഞാൻ.

അനേകം ചിറകുകൾ
അവന്റെ മുറിവുകളിലൂടെ
അവന്റെ ചരിത്രത്തിലേക്ക്‌ വഴിതെറ്റുന്നു,
പൊടുന്നനെ
ഗർഭപാത്രത്തിന്റെ കുരുക്കുകൾ ഭേദിച്ച്‌
കുട്ടിയുടെ കരച്ചിൽ

എന്റെ മുറിവുകൾക്കപ്പുറത്തുനിന്ന്
എന്റെ ചിറകുകൾക്കിപ്പുറത്തേക്ക്‌
തീരെ വീതിയില്ലാത്ത
ഒരു വരാന്തയുണ്ട്‌,
അതിലൂടെ
ഞാനവന്റെ ഓർമ്മയിലേക്ക്‌ വീശിക്കൊണ്ടിരിക്കുന്നു.

കാറ്റ്‌ വരാന്തയിലൂടെ ഓടിയോടി
ഇടവഴിയിലൂടെ
മുറിവുകൾ ഉണങ്ങാനിടുന്ന തടാകക്കരയിലെത്തുന്നു.

ഞാൻ ഫാനായി കറങ്ങിക്കൊണ്ടിരിക്കുന്ന സുഖത്തിൽ
മുറിവുകളുണ്ടാക്കിയ വേദനയിൽ തളർന്നുറങ്ങുന്നവൻ
മുറിവുകൾ ഉണങ്ങാനിടുന്ന
തടാകക്കരയിൽ നിന്നും അവൾക്കായി
ഉമ്മകൾ പൊതിഞ്ഞയക്കുന്ന സ്വപ്നം കാണുന്നു.

രാത്രി രണ്ടരയ്ക്ക്‌
അവസാനത്തെ ബസ്സും വന്നുകഴിയുമ്പോൾ
പകൽ യാത്രയായ വഴിയിലൂടെ
നിശബ്ദതയും കുറച്ചുനേരത്തേക്ക്‌ യാത്രയാവാറുണ്ട്‌
അവന്റെ ചരിത്രത്തിലൂടെ
എന്റെ ചിറകുകൾ
യാത്രക്കാരുടെ ഉറക്കം ചുമലിലേറ്റി
കൂലി വാങ്ങുന്നു.

അവസാനത്തെ
അവസാനത്തെ
അവന്റെ മുറിവും ഉണങ്ങിക്കഴിയുമ്പോൾ
എന്റെ ചിറകുകൾ ഉറങ്ങുന്നു
തലയ്ക്ക്‌ മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ നിലയ്ക്കുന്നു.
ഉഷ്ണം കാരണം ഞാൻ ഉണരുന്നു.

പണിക്കൂലി

ബാറിലെ ഇരുട്ടിൽ
ബിയറിന്റെ ഗ്യാസിനെക്കുറിച്ച്‌ പരാതിപ്പെട്ട്‌
റമ്മടിച്ചിരിക്കാൻ ഞാനില്ലെടാ

അവളുടെ കല്യാണമായതുകൊണ്ട്‌
എങ്ങോട്ടെങ്കിലും
പോകാനുള്ള പരിപാടിയാണെന്നായിരിക്കും
നീയുതിവിട്ട പുകയോർക്കുന്നത്‌
അതൊന്നുമല്ല അതൊന്നുമല്ല
നിങ്ങളുടെ ചിരിക്ക്‌
ഞാൻ കട്ടനെന്തെങ്കിലും വാങ്ങിക്കുടിച്ച്‌
തെങ്ങിന്തോപ്പിൽ കിടന്നുറങ്ങുന്ന
ചിത്രം വരയ്ക്കാൻ കഴിയുന്നതുപോലെ
അതൊന്നുമല്ല അതൊന്നുമല്ല

ആ വടക്കേടത്തെ തോമസേട്ടന്റെ വീട്ടുപണിക്ക്‌
പൂഴിയിറക്കിക്കൊടുക്കാമെന്നേറ്റിട്ട്‌
കാലം കുറച്ചായി,
ദിവാകരനെസ്സൈ നാളെ ലീവിലായതുകൊണ്ട്‌
അതങ്ങു നടപ്പിലാക്കണം.

മീനുകൾക്കിടയിലൂടെ
ഊളിയിട്ട്‌ ഊളിയിട്ട്‌
ചാക്കുകൾ നിറയ്ക്കുന്നതിനിടയിൽ
പായലുകളെ ചെറുപ്രാണികൾ മുട്ടിയുരുമ്മുന്ന വികാരത്തോടെ
എനിക്കവളെ ഓർത്തെടുക്കണം.

പരലുകൾ പുളയുന്നതുനോക്കി
താലിവീണ കഴുത്ത്‌
ഞാൻ ചുംബിച്ചതിനേക്കാൾ ചുവന്നല്ലോന്ന് പരിഭവിക്കണം.
പുഴയിൽ വെറുതേയിരുന്ന്
പരാഗണം നടത്തുന്ന പൂമ്പാറ്റകളെയും അപ്പൂപ്പന്താടികളേയും നോക്കി
വട്ടച്ചൊറിയുണ്ടായിരുന്ന അവളുടെ കാലിലും
കാച്ചിയ എണ്ണമണമുള്ള അവളുടെ മുടിയിലും
അവൻ ചുംബിച്ച്‌ ചുംബിച്ച്‌
പൂക്കാലം വരുത്തുന്നത്‌ സ്വപ്നം കാണൺ.
നല്ലോണം സങ്കടപ്പെട്ടിട്ട്‌
കുളിച്ചൊന്ന് ശുദ്ധിയാവണം.

പോലീസുപിടിച്ചില്ലെങ്കിൽ
മണലിറക്കിക്കൊടുത്ത്‌ കാശുവാങ്ങിയിട്ട്‌
ബാറിലേക്ക്‌ പോകാം
വഴുക്കുള്ള പായലിനെക്കുറിച്ച്‌ കവിതചൊല്ലിത്തരാം.

കലമ്പ്‌

എണീറ്റപാടെ ഏട്ത്തേക്കാ
നക്കാൻ കീഞ്ഞോളും പുലരുമ്പോളേക്കെന്ന്
അന്നന്മച്ചേടത്തീടെ പാത്രം വടിക്കൽ
നോക്കി നോക്കി പല്ലുതേക്കുമ്പോളേക്ക്‌
അവറാച്ചൻ മുറിബീഡിയുമായി
നിന്റപ്പന്റെ പേറെടുക്കാനെന്നും പറഞ്ഞ്‌
വീടിന്റെ അതിരുകടക്കും.

അന്നമ്മച്ചേടത്തി തൊഴുത്തിൽ
പോത്തിന്റെ ചാണകം വാരുന്നതിനിടയിൽ
കരിമീനും പരലും തൂക്കി
ഷാപ്പിൽ നിന്നും രണ്ടെണ്ണം വീശി
അവറാച്ചൻ കയറി വരും.

തലശ്ശേരി അതിരൂപത നിന്നെക്കെട്ടുമ്പോൾ നിന്റപ്പനെനിക്ക്‌ തീറെഴുതിത്തന്നിട്ടില്ലല്ലോ
അപ്പോ
ഞാമ്പറയുന്നത്‌ കേട്ട്‌ അടങ്ങിയൊതുങ്ങി ജീവിച്ചാൽ
നിനക്കുകൊള്ളാമെന്നും പറഞ്ഞ്‌
രാവിലെ അണച്ച അടുപ്പിലേക്ക്‌
അവറാച്ചൻ തീപ്പെട്ടിയുരയ്ക്കും

പറമ്പിന്റെ അതിരിലിരുന്ന് പല്ലിളിച്ച്‌ പല്ലിളിച്ച്‌
പുല്ലുവെട്ടാൻ പോകുന്നതിനിടയിൽ
കുറ്റിക്കാട്ടിൽ വലിച്ചിട്ട്‌
അപ്പവും വീഞ്ഞും നിനക്കുള്ളതെന്റെ യേശുവേ
ഇവളുടെ വീഞ്ഞ്‌ ഞാനെടുക്കുന്നേന്ന്
സത്യകൃസ്ത്യാനി ചമഞ്ഞ്‌ വയറ്റിലുണ്ടാക്കാൻ
എന്റപ്പൻ പറഞ്ഞാരുന്നോന്ന്
അന്നമ്മച്ചേടത്തി അടുപ്പിലേക്ക്‌ മണ്ണെണ്ണയൊഴിക്കും.

ഒന്നും രണ്ടും പറയുന്നതിനിടയിൽ
ചട്ടിയും കലവും ഓലപ്പുരയ്ക്ക്‌ മുകളിലേക്ക്‌
വലയും മീനും വീടിന്റതിരിരിലേക്ക്‌..

യുദ്ധം കഴിഞ്ഞ്‌ ശാന്തമാവുന്നതിനിടറ്റിൽ
അന്നമ്മച്ചേടത്തി
അരികഴുകുന്ന അമ്മേടടുത്ത്‌ വന്നിറ്റ്‌
ചങ്കും തടവി നിലവിളിക്കും
അവറാച്ചൻ
പോത്തിനെയും പിടിച്ച്‌ മഴേത്തൂടൊരു പോക്കുണ്ട്‌
ഗുളികൻ തെയ്യം ഉറയുന്നതുപോലെ
വിറച്ച്‌ തുള്ളി വിറച്ച്‌ തുള്ളി
മഴയിലേക്ക്‌ അപ്രത്യക്ഷനാവും.