ഡെയ്‌ലി ലൈഫ്‌

കുളിക്കാൻ പോകുമ്പോൾ

ഏറ്റവും നല്ല വിയർപ്പ്‌
വെയിലിനോട്‌ ചോദിച്ച്‌ ചോദിച്ച്‌
മരത്തണലിൽ പക്ഷികളോടൊപ്പം
സിഗരറ്റ്‌ പുകച്ച ഓർമ്മകൾ

പൊരിവെയിലിൽ
പട്ടം വിൽക്കുന്ന പെൺകുട്ടിയുടെ മണം,

അവസാനത്തെ തീവണ്ടിയിൽ
ശരീരത്തോടൊപ്പം വീട്ടിലേക്ക്‌ കയറിവരുന്നു
അടുത്തിരുന്നവന്റെ വേദനകൾ,
അടുത്തിരുന്നവളുടെ ഉടൽ

കുളിമുറിയിൽ
ചൂടുവെള്ളത്തിലേക്ക്‌ നിഴൽ പായിച്ച്‌ നിൽക്കുന്ന എന്നിലൂടെ
വിയർപ്പും വെയിലും
മരത്തണലും പക്ഷികളും സിഗരറ്റും
പട്ടവും അവനും അവളും ഇറങ്ങിയോടുന്നു

ഷവർമ്മ ഒരുദിവസത്തെ കെട്ടിയിടുന്നതുപോലെ
പണിപ്പെട്ട്‌
പകലിന്റെ ഓർമ്മയിൽ നിന്നും
ശരീരം തിരിച്ചുപിടിച്ച്‌
രാത്രിയിലേക്ക്‌ വിരിച്ചിടുന്നു.

ട്രാഫിക്ക്‌ ബ്ലോക്കിൽ
ബൈക്കുകൾ കാണിക്കുന്ന സാഹസികങ്ങൾ പോലെ
വലത്തോട്ടും ഇടത്തോട്ടും
മുന്നോട്ടും പിന്നോട്ടും
നീക്കങ്ങൾ നടത്തി
കിടപ്പറയിൽ
പെണ്ണുടലായി പരിഭാഷപ്പെട്ട്‌
ആണുടലായി കൂടെയുള്ളവളെ പരിഭാഷപ്പെടുത്തി
ചവച്ച്‌ ചവച്ച്‌
വീണ്ടും ചവയ്ക്കാനുള്ള
സാധ്യതകൾ നിലനിർത്തി തുപ്പുന്നു.

ഉറുമ്പുകൾ കണ്ണാടിച്ചില്ലിലൂടെ
വരിയായി നീങ്ങുന്നത്‌ നോക്കി നോക്കി
വിയർപ്പിന്റെയും മരത്തണലിന്റെയും
പക്ഷികളുടെയും സിഗരറ്റിന്റെയും
അവന്റെയും അവളുടെയും
ഓർമ്മകൾ മാറ്റിനിർത്തി
പൊതിഞ്ഞെടുക്കേണ്ടവയെക്കുറിച്ച്‌ ചിന്തിച്ച്‌
കുളിക്കാൻ പോകുന്നു.

2 comments:

  1. നാലുകവിതകളും വായിച്ചു
    മനസ്സില്‍ തങ്ങിനില്‍ക്കാന്‍ പാകത്തിലൊന്നും കാണാത്തത് എഴുത്തിന്റെ കുഴപ്പമല്ല, വായനയുടെ കുഴപ്പമാണ് എന്ന് അറിയുന്നു. വീണ്ടും കാണാം അടുത്ത പോസ്റ്റില്‍!!

    ReplyDelete
    Replies
    1. നന്ദി ഇ കളിയാക്കലിന്

      Delete