ത്രേസ്യ

ആടുകളുമായി കുന്നുകയറുന്ന ത്രേസ്യേ
നിന്റെ മുടിക്കെട്ടിൽ നിന്ന്
ആട്ടിൻപാലിന്റെ മണം
ഗ്രാമമാകെ പരക്കുന്നു.

അവൾ പുഴയിലേക്ക്
മുഷിഞ്ഞ തുണിക്കെട്ടുകളുമായി
ഇറങ്ങിപ്പോകുമ്പോൾ
അവളുടെയാടുകൾ ഒപ്പം നടക്കുന്നു.
ചെമ്പരത്തിയിലത്താളികൊണ്ട് മുലക്കച്ചയിൽ നിന്ന്
അഴുക്കുകളെ വേർപ്പെത്തുന്നവളേ
നിന്റെ ഓർമ്മയിലൂടെ സഞ്ചരിക്കുന്ന
കുഞ്ഞാടുകൾ പറയുന്നു
ത്രേസ്യ ഒരു ഉപമയായിരുന്നു

ജനനംകൊണ്ടൊരു
ക്യഷിയിടത്തിനേയും പക്ഷിമ്യഗാതികളേയും
ഉഴുതുമറിച്ചവളെന്ന ഉപമ.

നിന്റെ ആട്ടിൻപാലിൽ
ജീവിതത്തിന്റെ മസിലുകൾ വീർപ്പിച്ച
ആൺപിള്ളേർ
പുഴക്കരയിലേക്കുള്ള
നിന്റെ തുണിക്കെട്ടുകളുടെ ഘോഷയാത്ര
നോക്കി നിന്ന വയസ്സന്മാർ
പുല്ലുവെട്ടുമ്പോൾ കീറിത്തുറക്കുന്ന നിന്റെ
മാറിടത്തിന്റെ തൂക്കമളക്കുന്ന ആണുങ്ങൾ
അവരൊക്കെ നിനക്കുവേണ്ടി
മെഴുകുതിരികൾ കത്തിക്കുന്നു
അവരൊക്കെ നിനക്കുവേണ്ടി
സ്വയംഭോഗം ചെയ്യുന്നു.

ആടുകളുമായി കുന്നുകയറുന്ന ത്രേസ്യേ
നിന്റെ മുടിക്കെട്ടുകൾ
ആട്ടിൻപാലിന്റെ മണമുള്ള
കറുത്ത കുത്തുകളാകുന്നു.

ഉച്ച

പുല്ലുമണക്കുന്ന കുതിരകളുമായി
അവൾ കടന്നുവരുന്ന ഒരുച്ചയുണ്ട്.
കുന്നിറങ്ങുമ്പോൾ പൊതിഞ്ഞുപിടിച്ച
സൂര്യകാന്തിപ്പൂക്കളുടെ പൊതിയഴിച്ച്
നമ്മളുറങ്ങാതെ
പരിപ്പ് കറിക്ക് ഉള്ളിയരിഞ്ഞ
പച്ചവെയിലിന്റെ കൂട്.
കുതിരകളെ കുളിപ്പിക്കുന്ന നിന്നെ
പുൽമേടുകൾക്കിടയിലെ തൂവൽത്തുമ്പിൽ വരച്ച്
വ്യത്യസ്ത ഭാഷയിലെഴുതുന്ന
നട്ടുച്ചയാണിന്ന് ഞാൻ.
പിടയുന്ന മീനുകളുമായി
തോട്ടത്തിലേക്ക് പോകാം
അന്തിക്കറുപ്പിന്റെ ഏമ്പക്കം
വെട്ടുകത്തിയോടുരസിയുരസിക്കത്തുന്ന
വിശപ്പിലിരുന്ന്
വാലില്ലാത്ത നക്ഷത്രത്തെ
മീനിൽ മുക്കിത്തിന്നാം.
കാടിന്റെ പച്ചപ്പ്
നമ്മുടെ തുടയെല്ലുകളിലുറങ്ങുന്ന നേരത്ത്.
ചെറുപ്രാണികളെന്റെ മാംസങ്ങളിലെ
ഭാഷയുടെ കാട്ടുപൂക്കൾ
നിന്റെ ശ്വാസകോശത്തിൽ വിരിയിക്കും.
ചരിത്രം പഠിക്കുന്നൊരാൾ
ചന്ദ്രൻ പ്രതിഫലിക്കുന്ന കല്ലെന്ന് കൂവിവിളിക്കും.
അവനറിയാതെ
നമുക്കാ പച്ചവെയിലിന്റെ ചൂടിലേക്ക്
കുതിരകളുമായി നടക്കണം.

സഹകരണാശുപത്രി

പെറാൻ വന്നവളുടേയും
വെട്ടുകൊണ്ട് വന്നവന്റേയും
കരച്ചിലും പിഴിച്ചിലും തൂത്തുവാരി
രമണി പോയ്ക്കഴിഞ്ഞാൽ
മതിലിന്റെ തോളിൽത്തൂങ്ങി
നാരായണൻ വരാറുണ്ടായിരുന്ന കാലം.
കള്ളവനെക്കുടിച്ച്
ഷാപ്പവനോടൊപ്പം ഇറങ്ങിവരാറുള്ള
വൈകുന്നേരങ്ങളിൽ
ഞങ്ങളൊന്നും രണ്ടും പറഞ്ഞിരിക്കും.
പറഞ്ഞ് പറഞ്ഞ്
പണ്ടൊരു കുഞ്ഞിരാമനുണ്ടായിരുന്നെന്നും
അവന്റച്ചന്റെ ഒരേക്കറിലുള്ള
തച്ചും കൊന്നും പിടിച്ചെടുത്ത
സഹകരണാശുപത്രിയെന്ന പത്തുനിലയുടെ ഗർഭപാത്രം
നാലുമുറികളുള്ള
സ്ക്കൂളായിരുന്നെന്നോർമ്മിപ്പിക്കും.
ആ മുറികളിലൊന്നിച്ചിരുന്നാരുമറിയാതെ
ബീഡിയൂതിയ കുഞ്ഞിരാമൻ
കാവുമ്പായി സമരക്കുന്നിൽ
വെക്ക്
നായിന്റെമോനെ വെടി ചങ്കിനെന്നുപറഞ്ഞ്
ചത്തുപോയതും,
ഓന്റച്ചൻ വയസ്സാങ്കാലത്ത്
നോക്കാനാളില്ലാതെ
നരകിച്ച് നരകിച്ച് ചാവും മുന്നേ
സ്ക്കൂൾ വഴിയാധാരമാകരുതെന്നോർത്ത്
പാർട്ടിക്കെഴുതിക്കൊടുത്തതും
പാർട്ടിക്കാരത്
സഹകരണാശുപത്രിയാക്കിയതൊക്കെപ്പറഞ്ഞ്
ദേഷ്യപ്പെടും.
കള്ളിറങ്ങി
തെങ്ങിലേക്ക് തിരിച്ച് പറക്കുകയും
ഷാപ്പവനെവിട്ട്
മുടന്തിയകലുകയും ചെയ്യുമ്പോൾ
പത്താം വയസ്സുമുതൽ
ബീഡിയൂതി ബാക്കിവന്ന കഫം
തൊണ്ടയിലുടക്കിപ്പുറന്തള്ളുന്ന കുഞ്ഞൊച്ചയിൽ
പത്തുനിലയുള്ള കെട്ടിടത്തിനെ
ശകാരിച്ചെഴുന്നേൽക്കും നാരായണൻ.
ലേബർ റൂമിൽ
ആ നിമിഷം പെറുന്ന പെണ്ണുങ്ങൾക്ക്
കുഞ്ഞിരാമന്റമ്മയുടെ പേരിടാൻ തോന്നും.
അവരൊക്കെ ഗർഭപാത്രം പൊട്ടിപ്പിളരുന്ന
വെടിയൊച്ചയിൽ
പിറക്കുന്നവനാണാണെങ്കിൽ
കുഞ്ഞിരാമനെന്ന് പേരിടുന്ന സ്വപ്നത്തിൽ
സുഖമായുറങ്ങും.