തൊഴുത്ത് .

പുല്ലുവെട്ടാൻ പോയി വരുന്ന വഴിക്ക്
കശുമാവിൽ തൂങ്ങിയുറങ്ങുന്ന വവ്വാലിനെപ്പോലെ
വെയിൽ അയാളുടെ മുഖത്തടിച്ച് കിടന്നു.

വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന്
അയാൾക്ക് പാടാൻ തോന്നിയ നേരം
പുല്ലുംകെട്ട് അഴിഞ്ഞഴിഞ്ഞ്
മാറിലൂടെയും തുടയിലൂടെയും ചിതറിപ്പോയതിനാൽ
വിരലുകൾ
വിരലുകൾ
കാതുകളിൽ മുളച്ച് പൊന്തിയ കുറ്റിക്കാടുകളെന്ന
പാട്ടിന്റെ വരികൾ
കുനിഞ്ഞിരിക്കുന്ന അയാളിൽ
വെയിലിൽ മുങ്ങി പ്രതിഫലിച്ച് നിവരുന്നു.

ഒരു പുല്ലുംകെട്ട്
തലയിൽ നിന്ന് വീണുപോയാൽ
ആലയിൽ കാത്തിരിക്കുന്നവൾക്ക്
കൊതിപൂണ്ട
ഉച്ചനേരം നഷ്ടമാകുന്നതിനെക്കുറിച്ചയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
നാൽപ്പത്താറാമത്തെ വയസ്സിലും
കൊതിയെക്കുറിച്ചല്ലാതെ
എന്ത് കോപ്പായിരുന്നു തന്നതെന്നയാൾ
ചിന്തിക്കുന്നു
ഒരു പുല്ലുംകെട്ട്
കശുമാവിൽ ചുവട്ടിലിങ്ങനെയിരുത്തുകയല്ലാതെ
ജീവിതത്തിനോട് ചേർന്ന് നിൽക്കുന്ന
വേറെന്ത് ലഹരിയിൽ കൊണ്ടെത്തിച്ചെന്നയാൾ
ചിന്തിക്കുന്നു.

അയാളിപ്പോൾ
ഓരോരോ വിരലുകൾ കാതുകളിൽ കുത്തി
കശുമാവിന്റെ കൊമ്പിൽ തൂങ്ങിയാടുന്നു
അയാൾക്ക് ചുറ്റും
വെയിൽ പരന്ന് പരന്ന് ഇരുട്ടാകുന്നു
കൊതിപൂണ്ട ഉറക്കം നിലവിളിയോടെ കുന്ന് കയറുന്നു.

വസൂരി

വീട്ടിലാരുമില്ല
മേലാകെ എണ്ണ തേച്ച്
ഉടുക്കാതെ കുളിമുറിയിലേക്ക് പോകുമ്പോൾ
വസൂരിയാണെന്ന് പറഞ്ഞിട്ട്
കാണാൻ പോകാത്തതിലുള്ള ദേഷ്യവുമായി
അവൾ മുറിയിലേക്ക്
കടന്ന് വന്നു.

അതിർത്തിയിലെ വെടിവെപ്പിനിടയിൽ
പേടിച്ചോടുന്ന പട്ടാളക്കാരനെപ്പോലെ
വസൂരി വസൂരിയെന്ന് നിലവിളിച്ചോടി
ഉടുതുണിയില്ലാതെ ഓടുന്നതിനിടയിൽ
അവളെന്റെ അടിവയറ്റിൽ
നടാൻ കൊണ്ടുവന്ന കപ്പത്തണ്ടെടുത്ത്
കുത്തി മലർത്തിയടിക്കുന്നു.

വിരലറ്റം മുതൽ ചുണ്ടിലേക്ക്
വസൂരിക്കുരുക്കളിട്ടുരച്ച് പൊട്ടിക്കുമ്പോൾ
ഞാനവളോട് കേണപേക്ഷിച്ച്
വസൂരി വസൂരിയെന്ന് നിലവിളിക്കുന്നു
വീണ്ടുമവളെന്റെ അടിവയറ്റിൽ
കപ്പത്തണ്ടുകൊണ്ട് കുത്തുന്നു.

അടിവേരുകൾ നഷ്ടപ്പെട്ട്
കടപുഴകിയ മരത്തിന്റെ ശിഖരത്തിൽ
തഴച്ച് വളർന്ന പായൽ
കൂട് കെട്ടിയ കിളികൾ പുഴുക്കൾ
അവരെല്ലാം ഈ നിമിഷം ഞാനാകുന്നു
വസൂരി വസൂരിയെന്ന് മന്ത്രിക്കുന്നു.

തുടയിടുക്കിൽ നിന്ന്
പൂപ്പലുകൾ തുടച്ചുമാറ്റി
അവളെനിക്ക് വസൂരിക്കുരുക്കൾ പകർന്ന് നൽകുന്നു.

ശരീരം നിറയെ
രോഗാണുക്കളും മരങ്ങളുമുള്ള
പേടിത്തൊണ്ടനെ കാണിച്ച്
അവളെന്നെ പേടിപ്പിക്കുന്നു.

ഞാനിന്നും
വസൂരി വസൂരിയെന്ന് നിലവിളിച്ച് ഞെട്ടിയുണരുന്ന
രാത്രികളിൽ
മുഖക്കുരു മുലയോളം വളർന്നൊരുവളുടെ
കാലടിയൊച്ചയിൽ ലയിച്ച്
അടിവയറ്റിൽ കുത്തിയിറക്കിയ
കപ്പത്തണ്ടിൽ വിരലോടിച്ച് ജീവിക്കുന്നു.

കൊട്ട്

മാരാരുടെ പൊടിപിടിച്ച മുണ്ടിന്റിളക്കവും
കുഴിഞ്ഞുപോയ നെഞ്ചിന്റനക്കവും
തുറിച്ച് നോക്കുന്നവരുടെ
വിയർപ്പിൽ കുതിർന്ന
തായമ്പകയുടെ കൊട്ടവസാനിപ്പിക്കുന്ന താളം
ആൽമരച്ചോട്ടിൽ
പാവക്കുട്ടികളുമായി നിൽക്കുന്നൊരുവനെ
വീട്ടിലേക്ക് തിരിച്ചയക്കുന്ന
രാത്രിയിലവസാനിക്കുന്നു ഉത്സവം.

കൊട്ടൊരു കുഴിയിൽ നിന്നുമുള്ള
കൊത്തലിന്റത്രയും സൂക്ഷ്മമാക്കിയവർ
പൊതിഞ്ഞെടുക്കുന്ന പൊരിക്കച്ചവടക്കാരുടെ
കണ്ണുകളുടെ തിളക്കത്തിൽ
അവസാനിക്കുന്ന അടിച്ചുതെളിക്കൽ.

നാടകക്കാരുടെ മുഖത്തെ വർണ്ണങ്ങളിൽ
വിശന്ന് വലഞ്ഞ കഥാപാത്രങ്ങളുടെ
നെടുവീർപ്പുകളടങ്ങുമ്പോഴകലുന്ന
കണക്കെടുപ്പിന്റെ ചന്ദ്രക്കല.

കാഞ്ഞിരച്ചോട്ടിലിരിക്കുന്ന
വയസ്സിത്തള്ളമാരുടെ മുറുക്കിച്ചോപ്പിച്ച
മൂളലിന്റേയും മുഴക്കത്തിന്റേയുമൊച്ചയിൽ
അരികുത്തുന്നവളുടെ ആടിക്കുഴയൽ
കണ്ടുറങ്ങുന്ന ദൈവം,
വഴിപോക്കർ നിറയ്ക്കുന്ന പണപ്പെട്ടിയിൽ
ഇടയ്ക്കിടയ്ക്കെപ്പോഴോ
കണ്ണയച്ചെത്തിപ്പിടിച്ചു
മാരാരുടെ താളവും
ചെണ്ടയുടെ ചുണ്ടും.

മാരുതി ഗലി

പുതപ്പിനുള്ളിൽ
വന്മരങ്ങളെയോർത്താടിയുലഞ്ഞൊരു കടൽ
കൂട് പൊട്ടിത്തെറിച്ച
പക്ഷിയെപ്പോലെ ചിറകിട്ടടിക്കുന്നു.

ഉണക്കമീനുമായി
ഒരു പാവാടക്കാരി
കൂവിയുണർത്തുന്ന മാരുതി ഗലി
വയസ്സന്മാർ കുരച്ച് തുപ്പുന്ന നിമിഷം
യൗവനത്തിലേക്ക് കുടിവെള്ളത്തിനായി നടന്നകലുന്നു
തെരുവും മനുഷ്യനും
വളർച്ചയെത്താൻ പെണ്ണുങ്ങളെയാശ്രയിക്കുന്നു.

കഴിഞ്ഞ ജന്മത്തിൽ മത്സ്യമായി
ആഴങ്ങളിൽ തണുത്ത് വിറച്ചവർ
ഈ ജന്മത്തിൽ
മാരുതി ഗലിയിലെ പെണ്ണുങ്ങളുടെ
അടിവയറ്റിന്റാഴങ്ങളിൽ
ചൂട് തേടിയുറങ്ങുന്നു.

ഉണക്കമീൻ വിൽക്കുന്നവൾ
എന്റെ മുറ്റത്തുപേക്ഷിച്ച
നിരാശയുടെ നാണയത്തുട്ടുകൾ
അവളുടെ മുലയിലേക്കെന്നെ യാത്രയാക്കുന്നു.

കടലിൽ വീണുമരിച്ചവരുടെ
ആത്മാവിനെപ്പോലെ ഞങ്ങൾ
മരുതി ഗലിയിലെ കെട്ടിടങ്ങൾക്കിടയിലൂടെ
മീന്മണമുള്ള കണ്ണുകളുമായലഞ്ഞു.

അവളകന്ന ഗലിയിലിന്നും പെണ്ണുങ്ങൾ
കുടിവെള്ളത്തിനായി പോകാൻ
വയസ്സന്മാരുടെ കുരച്ച് തുപ്പുന്ന അനുമദിക്ക്
കാത്തുനിൽക്കുന്നുണ്ട്,
ഉള്ളിലുറവയെടുക്കുന്ന
കത്തുന്ന കടലുമായി ചിലർ
പക്ഷികളെപ്പോലെ കൂടുകളിലേക്ക് തിരിച്ച്
പറക്കുന്നുണ്ട്.

(കർണ്ണാടകത്തിലെ ബെൽഗാം എന്ന
ജില്ലയിലെ മാരുതി ഗലി വേദനിപ്പിക്കുന്ന
കാഴ്ച്ചകൾ നൽകുന്നു.)

പൊന്മാൻ

നീലയുടെ നിഴൽ-
കണ്ടോടിയൊളിക്കുന്ന മീനുകൾ-
കയറിക്കൂടിയ പൊത്തുകൾ-
ക്കുള്ളിലെ നീർക്കോലി-
കടിച്ച കുട്ടി-
യെയെടുത്തോടുന്ന മരപ്പണിക്കാരനച്ഛൻ-
മുറിച്ചിട്ട കൊമ്പുകളിലൊരു മൂപ്പൻ പണ്ട്
പുലിയെപ്പിടിക്കാൻ
ഊണും ഉറക്കവും നഷ്ടപ്പെടുത്തി കാത്തിരുന്നു. ആ
പുലിയുണ്ടായിരുന്ന മലയിൽ
കരിനീല നിഴ
ലുണക്കാനിട്ട ആകാശത്തിന്റെ ചിറകുകളി-
ലെവിടെയോയിരുന്നൊരു പെണ്ണ-
വളുടെ പ്രേമഗീതം പാടുന്നൊ-
രൊച്ചയിൽ ഉറക്കം നഷ്ടപ്പെട്ട്
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവനൊരു
പക്ഷിവേടനായിരുന്നു.
അവന്റെ തെറ്റാലിയുടെ ഉന്നത്തിൽ
നീലച്ചിറക് ചിതറി-
യൊരു കിളിയുടെ പിടച്ചിൽ.

ആണി.

അടർന്ന ആണിയുടെ
പായലഴുക്ക് പൊതിഞ്ഞ തുളയിലുറങ്ങുന്ന വീട്
ഗ്രാമത്തിലെ ആണിയുണ്ടാക്കുന്ന കമ്പനിയിൽ
കൂലിത്തൊഴിലാളിയായിരുന്നു ഞാൻ.
മുറിക്കപ്പുറത്ത് നിന്നും ജനൽക്കമ്പികൾക്കിടയിലൂടെ
വെളിക്കിരുന്ന് മടങ്ങുന്ന
കരിമ്പിൻ
തോട്ടത്തിലെ തൊഴിലാളികളുടെ ഒച്ചയനക്കങ്ങൾ
കടന്ന് വരുന്നു.

എന്റെ ഭാര്യ
മുലയും മൂളലും പറിച്ചെടുത്ത
തറയ്ക്കപ്പെട്ടതിന്റേയും
തുളയ്ക്കപ്പെടുന്നതിന്റേയും ചോരയ്ക്കുവേണ്ടി
പകലിനേയും നക്ഷത്രങ്ങളേയും
വിയർപ്പിൽ മുക്കിയ രാക്ഷസനെന്ന്
എന്നെ വിളിക്കുന്നു.

രാമ നവമിക്ക്
പൂക്കളും പാലുമായി
അമ്പലത്തിലേക്ക് പോകുന്ന പെണ്ണുങ്ങളെ കണ്ടാൽ
അവൾ
മുഷിഞ്ഞ അടിക്കുപ്പായത്തിനുള്ളിൽ നിന്ന്
മുലയെടുത്ത് പുറത്തിട്ട്
ശേഖരിച്ചുവെച്ച കൊഴിഞ്ഞുവീണ
മുടിക്കൂമ്പാരത്തിലുരസിയുരസി
ഇക്കിളിപ്പെട്ട് രസിക്കും.

ഉറങ്ങുന്ന നേരങ്ങളിൽ
ഞാൻ പഴയ കൂലിക്കാരനാവും,
മുണ്ടിനുള്ളിൽ കൈവിരൽ കടത്തി
തുടയും ലിംഗവും ചൊറിഞ്ഞുകൊണ്ടിരിക്കുന്നവൻ.
എന്റെ കാമുകി ചൂണ്ടുവിരലാണെന്ന ഓർമ്മയിൽ
വയസ്സായവർ കുട്ടികളാണെന്ന ധാരണയിൽ
ലിംഗത്തെക്കുറിച്ച് അറിവില്ലാത്ത
കുട്ടിയെപ്പോലെ
ഉറക്കത്തിൽ ഞാൻ വിരലുകൾ വായിലിടും.

അവളിപ്പോൾ
കഴുത്തിൽ കൊന്തയിട്ട് ഉറങ്ങുന്നു
നീരില്ലാത്ത മാറിടത്തിൽ
അതിലെ കുരിശ് ഉരച്ച് നോക്കുന്നു
എന്നെ യേശുവെന്ന് വിളിക്കുന്നു.

ഞാനും ആണിയും
യേശുവിനോട് മാപ്പിരക്കുന്നു.