ഉളുപ്പില്ലാത്തവന്റെ അവനവനിസം നിറഞ്ഞുകവിഞ്ഞ പമ്പ

നിച്ച്‌ ഓർമ്മവെച്ചപ്പോൾ മുതൽ കുറേ ജീവിതങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നത്‌ കണ്ട്‌ വളർന്നവർ. അതിൽ കുറച്ചുപേർ ഉടലിലൊട്ടിക്കാൻ പൊളപൊളപ്പൻ തുണികൾ വാങ്ങാൻ കീശയിലെന്തെങ്കിലുമാകുന്ന കാലം വരെ ഉള്ളിലുറഞ്ഞ അഗ്നിയെ തടുത്ത്‌ നിർത്തും. മറ്റുചിലർ അയ്യപ്പനും ജോണും സുരാസുവും നാരാണേട്ടനും കുന്നുമ്മൽ കുഞ്ഞമ്പുവുമൊക്കെയായി 'വീണിടം വിഷ്ണുലോകമാക്കി അഗ്നിയെന്തിനാണ്ടാ മുളങ്കാടുണങ്ങാൻ കാക്കുന്നതെന്ന് നിലവിളിച്ച്‌ നിലകൊള്ളും. നമുക്ക്‌ പറയേണ്ടത്‌ ആദ്യത്തെ കൂട്ടരെക്കുറിച്ചാണു അല്ലെങ്കിൽ എ.സി ശ്രീഹരി 'ഇടച്ചേരി'യെന്ന കവിതയുടെ കണ്ണാടി ഉടച്ച്‌ വാർത്ത്‌ കുളത്തിലെറിഞ്ഞത്‌ അത്തരക്കാരിലെ വിവിധയിനങ്ങളെയാണു.. 

കവിതയുടെ തീയുള്ളവനെന്നൊക്കെ പണ്ട്‌ പറയാം സാറേ ഇന്നത്തേക്കാലത്ത്‌ അതൊന്നും വിലപ്പോകില്ല, കപ്പയെന്നും അപ്പക്കാരമെന്നും മലയാള കവിതയെ നിവർത്തിക്കിടത്തി ചവിട്ടിത്തേച്ചവരുടെ നാടായിത്‌. അതുകൊണ്ട്‌ പുതുകവിയെ അങ്ങനെയങ്ങ്‌ കൊമ്പത്തിരുത്തുന്നില്ല. പറഞ്ഞ്‌ വന്നത്‌, കീശയിൽ കുറച്ച്‌ കാശായിക്കഴിഞ്ഞാൽ നമ്മളൊക്കെ പഴയ (ഊമ്പിയ) ജീവിതം മറക്കും. മറന്നാലും ചിലർ ഇടയ്ക്കിടയ്ക്ക്‌ ' തെണ്ടിത്തിരിഞ്ഞ്‌ നടന്ന ചെക്കന്റെ ഹുങ്ക്‌ കണ്ടില്ലേയെന്ന ' നാട്ടിലെ കുരിപ്പുകളെ പേടിച്ചിട്ട്‌ അമ്പലത്തിലെ അന്നദാനത്തിലേക്ക്‌ രണ്ട്‌ ചാക്ക്‌ അരി സമ്മാനിച്ചും, സ്കൂൾ വാർഷികത്തിൽ മുണ്ട്‌ മാടിക്കുത്താതെ ബഹുമാനത്തോടെ നിന്നും ആ പഴയ കാലം ഓർക്കുന്നെന്ന് തെറ്റായ ധാരണ നിലനിർത്തും. അക്കൂട്ടത്തിൽ വേറേ ചിലർ പഴയ വായനശാലയിലെ പൊടിതിന്ന സർട്ടിഫിക്കറ്റിൽ കവിതകളും കഥകളും നോവലും എന്നുവേണ്ട ഗതകാല സുഖസ്മരണകൾകൊണ്ട്‌ ചെയ്യാവുന്ന എല്ലാ കുത്തിക്കഴപ്പും ചെയ്ത്‌ തീർക്കും. ഇത്തരത്തിലുള്ള അവനവനിസത്തിന്റെ കണക്കുകൂട്ടലുകളിലൂടെ പരമപുഛത്തോടെ സ്വന്തമുള്ളിലേക്ക്‌ കുഴിച്ച്‌ കുഴിച്ച്‌ പോകുന്ന കുഴിയന്ത്രമാണു ശ്രീഹരി മാഷെന്ന കവി. പുകാസക്കാരും പൂസാകാത്തവരുമെന്ന് വെല്ലുവിളിക്കാൻ എനിക്കല്ലാതെ നിനക്കാവുമോയെന്ന് ചോദിക്കുമ്പോഴും, മാഷേ നിങ്ങക്ക്‌ പിരാന്തുണ്ടോയെന്ന് തിരിച്ച്‌ ചോദിക്കുന്ന കുട്ടിയാണിയാൾ. 

ചാകുമ്പോഴും പൂർത്തിയാവാത്ത രുചിയെത്തേടിയുള്ള ഉരുളൻ ഭരണിയിലെ അച്ചാറിന്റെ ജീവിതം പോലെ അടയ്ക്കപ്പെടേണ്ടതല്ല കവിതയെന്ന് തെളിയിക്കുന്ന രചനകളാനു ശ്രീഹരി മാഷിന്റേത്‌. കൈവിട്ട ഹൈഡ്രജൻ ബലൂണുപോലെ പറശ്ശിനിക്കടവിലും, രക്തസാക്ഷികളിലും, സിൽക്കിലും, ഹരിജൻ കോളനിയിലും, യൂണിവേർസ്സിറ്റി സമരപ്പന്തലിലും ഏത്‌ നിമിഷത്തിലും ലാന്റിങ്ങിനായി സജ്ജമായിരിക്കുന്ന ഒരേർപ്പാട്‌. മരപ്പണിക്കാരനും മീൻ വിൽപ്പനക്കാരനും കുറച്ച്‌ വാക്കുകൾ കടംകൊണ്ടാൽ നിലച്ചുപോകുന്ന പ്രവാഹമാണു തന്റെയൊക്കെ സാഹിത്യ കോമാളിത്തരമെന്ന് നടിച്ച്‌ നടക്കുന്ന ഉളുപ്പിന്റെ അഴുക്കുള്ള പുംഗവന്മാർ കുളിച്ച്‌ കേറേണ്ടുന്ന പമ്പയാണീ പുസ്തകം.

കക്കറ ദാമുവിന്റെ മുറി(വ്‌)

മേശവിരിപ്പിനിടയിലൂടെ 
തുറിച്ചുള്ള നോട്ടവുമായി 
പവർ കേബിൾ കള്ളനെപ്പോലെ നിലകൊള്ളുമായിരുന്നു. 
ത്രീപ്പിന്നിന്റെ മിനുസമുള്ള മുനകളിലിരുന്ന് 
ഒരുറുമ്പ്‌ കണ്ണുകൾ ചൂഴ്‌ന്നെടുക്കുമെന്ന് പേടിച്ചതിനാലായിരിക്കണം 
കക്കറ ദാമു മേശവിരിപ്പിനെ വലിച്ചുമാറ്റി 
പിണറായി വിജയനെപ്പോലെ 
കൊല്ലുന്നെങ്കിൽ കൊല്ലെടായെന്നുള്ള മുഖഭാവത്തിൽ കിടക്കുന്നത്‌. 

ദാമു മുറിയിലില്ലാത്തപ്പോൾ 
അവിടെ നടക്കാറുണ്ടെന്ന് സംശയിക്കുന്ന 
പ്രണയബന്ധത്തിലമർന്ന് മുറുകിയ 
ഉറുമ്പിന്റെയും പവർ കേബിളിന്റെയും കാമകേളികളുടെ ഫോട്ടോസ്റ്റാറ്റ്‌ ചിത്രങ്ങൾ 
തപാലാപ്പീസിലെ തുളവീണ ചുവന്ന പെട്ടിയിലിട്ടവരുടെ കൂട്ടത്തിൽ 
നിങ്ങളുമിപ്പോൾ നിരീക്ഷണത്തിലായിരിക്കുന്നു. 

കക്കറയ്ക്കിനിയൊന്നും പറയാനില്ല, 
ഉച്ചപ്പണികഴിഞ്ഞെത്തുന്ന ദിവസങ്ങളിൽ 
ശുക്ലത്തിന്റെ മണമുള്ള നോട്ടങ്ങൾ അയാളിലേക്ക്‌ കുത്തിവെച്ച്‌ 
ആ മുറി 
അയാളെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. 

ദാമു കക്കറയിൽ നിന്ന് പോകുകയാണോ 
കക്കറ ദാമുവിൽ നിന്ന് പോകുകയാണോ 
ദാമുവും കക്കറയും മുറിയിൽ നിന്ന് പോകുകയാണോ 
അതോ ചരിത്രം പിണറായിയെപ്പോലെ പെരുമാറാൻ തുടങ്ങുകയാണോ.

ശരീരവും പ്രേമവും തമ്മിലിണങ്ങാത്ത കഥ.

-1- 

ചിത്രത്തുന്നലുള്ള പാവാടക്കാരി 
ഉമ്മറത്തെ തുണികളെടുത്ത്‌ കുടഞ്ഞിടുമ്പോൾ 
തെറിച്ച്‌ പൊട്ടിയ മുതിരയിലൂടെ 
ഒരു കുതിരയിറങ്ങിയോടുന്ന ഒച്ചകേട്ടുറങ്ങുന്നു. 

വയൽ വരമ്പത്തേക്ക്‌ 
അവിടുന്ന് പാറക്കൂട്ടങ്ങൾക്കിടയിലേക്ക്‌ 
കുതിരയെ പിന്തുടരുന്നവളുടെ അഴിഞ്ഞുലഞ്ഞ മുടിക്കെട്ടിലെ 
എണ്ണയിൽ കുതിർന്ന ഓർമ്മകൾ തിരിഞ്ഞോടുന്നു. 

-2- 

മച്ചിൻപുറത്ത്‌ പച്ചോലക്കെട്ടുകൾക്കിടയിലിരുന്ന് 
കുതിരയും മുതിരയുമായി നീ തിരിച്ചെത്തുന്നതുവരെ 
ഞാനെന്റെ വസ്ത്രങ്ങൾക്കുള്ളിൽ 
ഉണങ്ങാത്ത തുമ്പപ്പൂ കാത്തുവെക്കും. 

ഓലയുണങ്ങി ഈർക്കിലിന്റെ മുനയുള്ള നോട്ടങ്ങൾ 
തുടയെല്ലുകളിൽ കാത്തിരിപ്പിന്റെ മെഴുകുതിരി മുറിച്ച്‌ കത്തിച്ചാലും 
ചരിത്രത്തിൽ നിന്ന് തിരിഞ്ഞോടിയ 
നിന്റെ മുടിക്കെന്റെ കാമം പടർന്നുകയറിയ തുടയെല്ല് 
ഞാൻ കത്താതെ ബാക്കിവെക്കും. 

-3- 

മുതിരച്ചെടികൾ വളർന്ന് വളർന്ന് 
ഓടാമ്പലുകൾക്കും മോന്തായത്തിനുമിടയിലൂടെ 
കുതിരച്ചാണകത്തിന്റെ മണമുള്ള പൂക്കളുമായെത്തും. 
ഇനിയുമവൾ വന്നില്ലല്ലോന്ന് 
ശവക്കുഴി തോണ്ടിക്കൊണ്ടൊരു നിലാവ്‌ ഓർമ്മപ്പെടുത്തും. 

പ്രേമം ചാലുകീറിയ 
മച്ചിൻപുറത്തെ ഒച്ചയിൽ കിടന്ന് 
ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ 
കാത്തിരിപ്പവസാനിച്ചെഴുന്നേറ്റ്‌ ചരിത്രത്തിലേക്ക്‌ ഉണർന്ന് കിടക്കും, 
നീ വരുന്നൊരു കാലത്ത്‌ 
ഞാനുപേക്ഷിച്ച തുമ്പപ്പൂവിന്റെ തിരിച്ചുവിളിയുണ്ടാകുന്നതുവരെ.

ത്രേസ്യ

ആടുകളുമായി കുന്നുകയറുന്ന ത്രേസ്യേ
നിന്റെ മുടിക്കെട്ടിൽ നിന്ന്
ആട്ടിൻപാലിന്റെ മണം
ഗ്രാമമാകെ പരക്കുന്നു.

അവൾ പുഴയിലേക്ക്
മുഷിഞ്ഞ തുണിക്കെട്ടുകളുമായി
ഇറങ്ങിപ്പോകുമ്പോൾ
അവളുടെയാടുകൾ ഒപ്പം നടക്കുന്നു.
ചെമ്പരത്തിയിലത്താളികൊണ്ട് മുലക്കച്ചയിൽ നിന്ന്
അഴുക്കുകളെ വേർപ്പെത്തുന്നവളേ
നിന്റെ ഓർമ്മയിലൂടെ സഞ്ചരിക്കുന്ന
കുഞ്ഞാടുകൾ പറയുന്നു
ത്രേസ്യ ഒരു ഉപമയായിരുന്നു

ജനനംകൊണ്ടൊരു
ക്യഷിയിടത്തിനേയും പക്ഷിമ്യഗാതികളേയും
ഉഴുതുമറിച്ചവളെന്ന ഉപമ.

നിന്റെ ആട്ടിൻപാലിൽ
ജീവിതത്തിന്റെ മസിലുകൾ വീർപ്പിച്ച
ആൺപിള്ളേർ
പുഴക്കരയിലേക്കുള്ള
നിന്റെ തുണിക്കെട്ടുകളുടെ ഘോഷയാത്ര
നോക്കി നിന്ന വയസ്സന്മാർ
പുല്ലുവെട്ടുമ്പോൾ കീറിത്തുറക്കുന്ന നിന്റെ
മാറിടത്തിന്റെ തൂക്കമളക്കുന്ന ആണുങ്ങൾ
അവരൊക്കെ നിനക്കുവേണ്ടി
മെഴുകുതിരികൾ കത്തിക്കുന്നു
അവരൊക്കെ നിനക്കുവേണ്ടി
സ്വയംഭോഗം ചെയ്യുന്നു.

ആടുകളുമായി കുന്നുകയറുന്ന ത്രേസ്യേ
നിന്റെ മുടിക്കെട്ടുകൾ
ആട്ടിൻപാലിന്റെ മണമുള്ള
കറുത്ത കുത്തുകളാകുന്നു.

ഉച്ച

പുല്ലുമണക്കുന്ന കുതിരകളുമായി
അവൾ കടന്നുവരുന്ന ഒരുച്ചയുണ്ട്.
കുന്നിറങ്ങുമ്പോൾ പൊതിഞ്ഞുപിടിച്ച
സൂര്യകാന്തിപ്പൂക്കളുടെ പൊതിയഴിച്ച്
നമ്മളുറങ്ങാതെ
പരിപ്പ് കറിക്ക് ഉള്ളിയരിഞ്ഞ
പച്ചവെയിലിന്റെ കൂട്.
കുതിരകളെ കുളിപ്പിക്കുന്ന നിന്നെ
പുൽമേടുകൾക്കിടയിലെ തൂവൽത്തുമ്പിൽ വരച്ച്
വ്യത്യസ്ത ഭാഷയിലെഴുതുന്ന
നട്ടുച്ചയാണിന്ന് ഞാൻ.
പിടയുന്ന മീനുകളുമായി
തോട്ടത്തിലേക്ക് പോകാം
അന്തിക്കറുപ്പിന്റെ ഏമ്പക്കം
വെട്ടുകത്തിയോടുരസിയുരസിക്കത്തുന്ന
വിശപ്പിലിരുന്ന്
വാലില്ലാത്ത നക്ഷത്രത്തെ
മീനിൽ മുക്കിത്തിന്നാം.
കാടിന്റെ പച്ചപ്പ്
നമ്മുടെ തുടയെല്ലുകളിലുറങ്ങുന്ന നേരത്ത്.
ചെറുപ്രാണികളെന്റെ മാംസങ്ങളിലെ
ഭാഷയുടെ കാട്ടുപൂക്കൾ
നിന്റെ ശ്വാസകോശത്തിൽ വിരിയിക്കും.
ചരിത്രം പഠിക്കുന്നൊരാൾ
ചന്ദ്രൻ പ്രതിഫലിക്കുന്ന കല്ലെന്ന് കൂവിവിളിക്കും.
അവനറിയാതെ
നമുക്കാ പച്ചവെയിലിന്റെ ചൂടിലേക്ക്
കുതിരകളുമായി നടക്കണം.

സഹകരണാശുപത്രി

പെറാൻ വന്നവളുടേയും
വെട്ടുകൊണ്ട് വന്നവന്റേയും
കരച്ചിലും പിഴിച്ചിലും തൂത്തുവാരി
രമണി പോയ്ക്കഴിഞ്ഞാൽ
മതിലിന്റെ തോളിൽത്തൂങ്ങി
നാരായണൻ വരാറുണ്ടായിരുന്ന കാലം.
കള്ളവനെക്കുടിച്ച്
ഷാപ്പവനോടൊപ്പം ഇറങ്ങിവരാറുള്ള
വൈകുന്നേരങ്ങളിൽ
ഞങ്ങളൊന്നും രണ്ടും പറഞ്ഞിരിക്കും.
പറഞ്ഞ് പറഞ്ഞ്
പണ്ടൊരു കുഞ്ഞിരാമനുണ്ടായിരുന്നെന്നും
അവന്റച്ചന്റെ ഒരേക്കറിലുള്ള
തച്ചും കൊന്നും പിടിച്ചെടുത്ത
സഹകരണാശുപത്രിയെന്ന പത്തുനിലയുടെ ഗർഭപാത്രം
നാലുമുറികളുള്ള
സ്ക്കൂളായിരുന്നെന്നോർമ്മിപ്പിക്കും.
ആ മുറികളിലൊന്നിച്ചിരുന്നാരുമറിയാതെ
ബീഡിയൂതിയ കുഞ്ഞിരാമൻ
കാവുമ്പായി സമരക്കുന്നിൽ
വെക്ക്
നായിന്റെമോനെ വെടി ചങ്കിനെന്നുപറഞ്ഞ്
ചത്തുപോയതും,
ഓന്റച്ചൻ വയസ്സാങ്കാലത്ത്
നോക്കാനാളില്ലാതെ
നരകിച്ച് നരകിച്ച് ചാവും മുന്നേ
സ്ക്കൂൾ വഴിയാധാരമാകരുതെന്നോർത്ത്
പാർട്ടിക്കെഴുതിക്കൊടുത്തതും
പാർട്ടിക്കാരത്
സഹകരണാശുപത്രിയാക്കിയതൊക്കെപ്പറഞ്ഞ്
ദേഷ്യപ്പെടും.
കള്ളിറങ്ങി
തെങ്ങിലേക്ക് തിരിച്ച് പറക്കുകയും
ഷാപ്പവനെവിട്ട്
മുടന്തിയകലുകയും ചെയ്യുമ്പോൾ
പത്താം വയസ്സുമുതൽ
ബീഡിയൂതി ബാക്കിവന്ന കഫം
തൊണ്ടയിലുടക്കിപ്പുറന്തള്ളുന്ന കുഞ്ഞൊച്ചയിൽ
പത്തുനിലയുള്ള കെട്ടിടത്തിനെ
ശകാരിച്ചെഴുന്നേൽക്കും നാരായണൻ.
ലേബർ റൂമിൽ
ആ നിമിഷം പെറുന്ന പെണ്ണുങ്ങൾക്ക്
കുഞ്ഞിരാമന്റമ്മയുടെ പേരിടാൻ തോന്നും.
അവരൊക്കെ ഗർഭപാത്രം പൊട്ടിപ്പിളരുന്ന
വെടിയൊച്ചയിൽ
പിറക്കുന്നവനാണാണെങ്കിൽ
കുഞ്ഞിരാമനെന്ന് പേരിടുന്ന സ്വപ്നത്തിൽ
സുഖമായുറങ്ങും.

ചെത്തുകാരന്‍ വാസു

പുഴയിലെ വെള്ളത്തില്‍ വരച്ചുവെച്ച 
തെങ്ങിന്റെ മണ്ടയില്‍നിന്നുമിറങ്ങിവരുമ്പോള്‍ 
വാസു പറയുമായിരുന്നു
ഓലകള്‍ക്കിടയിലിരുന്ന് സൂര്യനെക്കണ്ടാല്‍
തനിക്ക് അമേരിക്കന്‍ പ്രസിഡന്റായെന്ന തോന്നലുണ്ടാവുമെന്ന് .

ഉച്ചയായാല്‍
ഷാപ്പില്‍ നിന്നും വീടുവരെയുള്ള ഇടവഴികളെല്ലാം
വാസുവിനെ തെളിക്കുന്ന തിരക്കിലായിരിക്കും
ആടിയും കുഴഞ്ഞും
പാടിയും പറഞ്ഞും വീട്ടുപടിക്കലെത്തിയാല്‍ 
തൂറിയ ചെക്കന്റെ ചന്തികാണിച്ചും 
കീറിയ ബ്ലൗസുകാണിച്ചും  
അന്നത്തെ സംഗീതം അവളെന്നത്തെയുംപോലെ ആരംഭിക്കും.
അവളുടെയോര്‍മ്മയില്‍
വാസുവിന് കെട്ടമോരിന്റെ  ഗന്ധമായിരുന്നു.

ചെത്തുതൊഴിലാളികളുടെ നിരാഹാരത്തിന് പോകുന്നവഴിക്ക്
കുഴഞ്ഞുവീണ് മരിക്കുമ്പോള്‍ 
വാസു പിറുപിറുത്തത്
അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചായിരുന്നുപോലും.
ഇനിയാരാണ് വാസുവേട്ടാ 
സുമതീന്റെ വീടിന്റെ അടുക്കളപ്പുറത്തുനിന്നാണ്
കൊതുകുകള്‍ പരക്കുന്നതെന്നും,
പഞ്ചായത്ത് കിണര്‍ കോണ്‍ഗ്രസ്സുകാരുടെ തന്തമാരുടേതല്ലെന്നുമുള്ള
നിഗമനങ്ങള്‍ കണ്ടെത്തുക,
ഇനിയെങ്ങനെയാണ് തെങ്ങുകള്‍  
"സ്വാതന്ത്ര്യം ഓന്റച്ചന്റെ കൊടമെന്നുള്ള" 
നിങ്ങളുടെ പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയാവുക

തെങ്ങുകള്‍ വിധവകളാണെന്നും,
ചങ്കും തുടയുമമര്‍ത്തി കള്ളെടുക്കാന്‍ കയറുന്നതിനിടയില്‍
അവറ്റകളെന്നെ ഉമ്മവെച്ചിട്ടുണ്ടെന്നുമുള്ള
രസകരമായ കഥകള്‍
ഇപ്പോഴേതെങ്കിലും ചെത്തുകാരന്‍
ഏതെങ്കിലും കുട്ടികളോട് പറയുന്നുണ്ടാവുമോ?

തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും

ഒരു വൈകുന്നേരം
തോപ്പിൽ ഭാസിയുടെ വീട്ടിൽ
കള്ളൻ കയറിയെന്ന വാർത്ത വായിക്കുമ്പോൾ
ഉണങ്ങാനിട്ട അടയ്ക്ക പെറുക്കുന്നതിനിടയിൽ
അമ്മമ്മ അസാധാരണമായ രീതിയിൽ
കാർക്കിച്ച്‌ കാർക്കിച്ച്‌ തുപ്പുന്നു.

ഒന്നുമറിയാതെ നോക്കിക്കൊണ്ടിരുന്ന എന്റെ നേരെ
പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാഘവേട്ടന്റെ
മുഖഭാവത്തോടെ അമ്മമ്മ പറഞ്ഞ്‌ തുടങ്ങി
പണ്ട്‌ പണ്ട്‌ പണ്ട്‌
നീയൊക്കെ ജനിക്കുന്നതിനും മുന്നേ
നാടാകെ നെല്ലിനും പുല്ലിനും
ബ്രിട്ടീഷുകാരോട്‌ പോരടിക്കുന്ന കാലത്ത്‌,
വീട്ടിലുള്ള കമ്മ്യൂണിസ്റ്റുകാരെ
ആ നായിന്റെ മക്കൾ
ഒറ്റിക്കൊടുത്തിരുന്ന കാലത്ത്‌
കഞ്ഞിയും വെള്ളവുമില്ലാതെ
പെണ്ണുങ്ങളും കുട്ടികളും വെന്തുരുകിയ കാലത്ത്‌
നാടിനോടും നാട്ടാരോടും കടപ്പാടുള്ള
നാടകവുമായി വന്നോനാ ആ ചെക്കൻ
ഓന്റെ വീട്ടിൽ
ഏത്‌ എരണംകെട്ടോനാട കയറിയത്‌.

അമ്മമ്മേ നാട്‌ മാറി
അമ്മമ്മേ നമ്മൾ വീട്‌ മാറി
തോപ്പിൽ ഭാസി മരിച്ച്‌ മണ്ണടിഞ്ഞു
എന്ന് പറയുന്നതിനുമുന്നേ
കാർക്കിച്ച്‌ കാർക്കിച്ച്‌ തുപ്പിക്കൊണ്ട്‌
ഉണങ്ങാനിട്ട അടയ്ക്ക ഉപേക്ഷിച്ച്‌
അമ്മമ്മ നടന്നു പോയി
ഞാൻ അവിടെയിരുന്ന്
ഇൻക്വിലാബ്‌ സിന്ദാബാദിന്റെ
മുഴക്കത്തിലേക്ക്‌ ലയിച്ചുപോയി

മൂങ്ങ

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകലിൽ 
കോണ്‍ക്രീറ്റ് അരിവാളിനും-ചുറ്റികയ്ക്കുമിടയിലെ
പിണറായി വിജയൻറെ ചിത്രത്തിൽ മിനുക്ക്‌ പണിയെടുക്കുന്ന 
പഴയ നാടകക്കാരൻ അമ്പുവേട്ടൻ
ഒരു ബീഡിക്ക് തീകൊളുത്തിയപ്പോൾ
മൂന്ന് മൂങ്ങകൾ 
വീടുപണിക്കായി ഇറക്കിയിട്ടുള്ള 
കല്ലിനും മണലിനുമിടയിലെ പേരമരത്തിൽ വന്നിരിക്കാറുണ്ടെന്ന്
ഇലക്ഷൻ പൊള്ളുന്ന സമയത്ത്    
പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ പോയിട്ടുണ്ടോന്ന്?
ഒരു ചോദ്യവുമെറിഞ്ഞ് 
പറഞ്ഞ് തുടങ്ങി.

ഞാനീ വരച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിലെ ഇവൻ
കുട്ടിയായിരുന്ന കാലത്ത് 
പിണറായിയിലെ പാറപ്പുറത്ത് 
വടിയും ഓലയുമുപയോഗിച്ച് 
അരിവാളും ചുറ്റികയും നക്ഷത്രവുമുണ്ടാക്കിയ 
ഒരു കീറിപ്പോയ രാത്രിയെക്കുറിച്ച് 
അമ്പുവേട്ടൻ തുടങ്ങിവെക്കുമ്പോൾ 
നക്ഷത്രങ്ങൾ ഞങ്ങളുടെ ശരീരത്തിൽ പൂക്കളമിടുന്നു. 

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകൽ
മീനുകളുടെ ചിറകുകളിലേക്ക്ഉൾവലിഞ്ഞ് പോയിരിക്കുന്നു 

വരച്ചുതീർന്ന 
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ചിത്രം 
മുളകൊണ്ട് കുത്തിനിർത്തി മടങ്ങുമ്പോൾ 
ബാക്കിയായ നിറങ്ങളുപയോഗിച്ച്
അമ്പുവേട്ടനൊരു ചിത്രം വരച്ചു 
കത്തിത്തീർന്ന ചൂട്ടിൽനിന്നുമപ്പോൾ പുകയുയർന്നു.

മരക്കൂട്ടങ്ങൾക്കിടയിലൂടെ
നാടകം തുടങ്ങുന്നതിനുള്ള അവസാനത്തെ ബെൽ
ഒഴുകിയെത്തുന്നത് കേൾക്കുന്നുണ്ടോന്ന്
കുത്തിക്കെടുത്തിയ ബീഡിയോട് 
വഴിവക്കിലെ വയലിനോട് 
ഇല്ല അമ്പൂ ഇല്ല അമ്പൂ എന്ന് 
കാവുമ്പായി രക്തസാക്ഷികളുടെ  വഴിവക്കിലെ കുടീരം.

തിരിച്ചറിയാനാവാത്തവിധം ചിറകുകൾ നഷ്ട്ടപ്പെട്ട പകലിൽ 
അമ്പുവേട്ടൻ വീണ്ടും പറഞ്ഞ് തുടങ്ങി 
ഇന്നലെ രാത്രിയിലും 
പണിതീരാത്ത വീടിന്റെ
മുറ്റത്തെ പേരമരക്കൊമ്പിലിരുന്ന്
മൂന്ന് മൂങ്ങകൾ മൂളുന്നുണ്ടായിരുന്നെന്ന്.

കവിത

നിന്റെ വീടിന്റെ അതിരുകടന്ന് 
ഞാനയച്ച 
പച്ചകുത്തിയ വിഷപ്പാമ്പ് 
ദാ ഇപ്പോഴെത്തും 
തുള്ളിപ്പിടിയതിനെ ചാടിപ്പിടിയതിനെ 
തൊലിയുരിഞ്ഞ് 
വെട്ടിയൊതുക്കി കാത്തിരിക്ക് 
ഞാനിപ്പോഴെത്തും.

വര

മുറ്റത്തിന്റെ 
ഓരോരോ വശങ്ങളിലായി 
ചിന്നിച്ചിതറിക്കിടക്കുന്ന പേരമരത്തിന്റെ ഇലകള്‍ 
ചൂലെടുത്ത് 
തൂത്തെറിയുന്ന നീ 
നല്ലൊരു ചിത്രകാരിയാണ്.

മേൽക്കൂരയും പല്ലിയും

ചായയൂതുന്ന വെളുപ്പാൻ കാലം 
സിമന്റ്‌ തിണ്ണയിൽ 
പൊട്ടിവിരിഞ്ഞ പല്ലി 
പൂന്തോട്ടമാക്കുന്നു വീടിനെ. 

പെണ്ണിന്റെ മുറിവുകളിൽ 
ഉമ്മ നൽകാൻ കൊതിയാവുന്നു 

ഭിത്തിയിലെ വിള്ളലുകൾ 
വീടിനുള്ള മുറിവുകൾ 
അതിലൂടെ ചാടിക്കയറുക 
മേൽക്കൂരയിലേക്ക്‌ 
മരക്കുതിരയെപ്പോലെ 
ചാടിച്ചാടിക്കയറുക. 

അരിഞ്ഞിട്ട വാൽക്കഷ്ണം 
പൊഴിഞ്ഞ പൂവിതൾ 

ആശാരി ചെത്തിയെടുത്ത മോന്തായത്തിലേക്ക്‌ 
വിഷപ്പാമ്പിനെപ്പോലെ 
വലിഞ്ഞ്‌ വലിഞ്ഞ്‌ കയറുക. 

തിണ്ണയിൽ നിന്നും പൂക്കാലം ഓടിയൊളിച്ച്‌ 
മേൽക്കൂരയിലിരുന്ന് ചിലയ്ക്കുന്നു. 

ഗർഭിണിയായ പല്ലി 
പെണ്ണുങ്ങളുടെ രഹസ്യങ്ങൾ ചോർത്തുന്നു. 

മേൽക്കൂര പൂന്തോട്ടമാകുന്ന ചില വീടുകളുണ്ട്‌. 

ഡെയ്‌ലി ലൈഫ്‌

കുളിക്കാൻ പോകുമ്പോൾ

ഏറ്റവും നല്ല വിയർപ്പ്‌
വെയിലിനോട്‌ ചോദിച്ച്‌ ചോദിച്ച്‌
മരത്തണലിൽ പക്ഷികളോടൊപ്പം
സിഗരറ്റ്‌ പുകച്ച ഓർമ്മകൾ

പൊരിവെയിലിൽ
പട്ടം വിൽക്കുന്ന പെൺകുട്ടിയുടെ മണം,

അവസാനത്തെ തീവണ്ടിയിൽ
ശരീരത്തോടൊപ്പം വീട്ടിലേക്ക്‌ കയറിവരുന്നു
അടുത്തിരുന്നവന്റെ വേദനകൾ,
അടുത്തിരുന്നവളുടെ ഉടൽ

കുളിമുറിയിൽ
ചൂടുവെള്ളത്തിലേക്ക്‌ നിഴൽ പായിച്ച്‌ നിൽക്കുന്ന എന്നിലൂടെ
വിയർപ്പും വെയിലും
മരത്തണലും പക്ഷികളും സിഗരറ്റും
പട്ടവും അവനും അവളും ഇറങ്ങിയോടുന്നു

ഷവർമ്മ ഒരുദിവസത്തെ കെട്ടിയിടുന്നതുപോലെ
പണിപ്പെട്ട്‌
പകലിന്റെ ഓർമ്മയിൽ നിന്നും
ശരീരം തിരിച്ചുപിടിച്ച്‌
രാത്രിയിലേക്ക്‌ വിരിച്ചിടുന്നു.

ട്രാഫിക്ക്‌ ബ്ലോക്കിൽ
ബൈക്കുകൾ കാണിക്കുന്ന സാഹസികങ്ങൾ പോലെ
വലത്തോട്ടും ഇടത്തോട്ടും
മുന്നോട്ടും പിന്നോട്ടും
നീക്കങ്ങൾ നടത്തി
കിടപ്പറയിൽ
പെണ്ണുടലായി പരിഭാഷപ്പെട്ട്‌
ആണുടലായി കൂടെയുള്ളവളെ പരിഭാഷപ്പെടുത്തി
ചവച്ച്‌ ചവച്ച്‌
വീണ്ടും ചവയ്ക്കാനുള്ള
സാധ്യതകൾ നിലനിർത്തി തുപ്പുന്നു.

ഉറുമ്പുകൾ കണ്ണാടിച്ചില്ലിലൂടെ
വരിയായി നീങ്ങുന്നത്‌ നോക്കി നോക്കി
വിയർപ്പിന്റെയും മരത്തണലിന്റെയും
പക്ഷികളുടെയും സിഗരറ്റിന്റെയും
അവന്റെയും അവളുടെയും
ഓർമ്മകൾ മാറ്റിനിർത്തി
പൊതിഞ്ഞെടുക്കേണ്ടവയെക്കുറിച്ച്‌ ചിന്തിച്ച്‌
കുളിക്കാൻ പോകുന്നു.

മുറിവുകൾ

തലയ്ക്ക്‌ മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന
ഫാനായി സ്വപ്നം കവർന്നെടുക്കുമ്പോൾ
കറങ്ങിക്കൊണ്ടിരിക്കുന്ന
അനേകം ചിറകുകൾ മുളയ്ക്കുന്നു.
മുറിവുകളുണ്ടാക്കിയ വേദനയിൽ
തളർന്നുറങ്ങുന്നവന്റെ തലയ്ക്ക്‌ മുകളിൽ ഞാൻ.

അനേകം ചിറകുകൾ
അവന്റെ മുറിവുകളിലൂടെ
അവന്റെ ചരിത്രത്തിലേക്ക്‌ വഴിതെറ്റുന്നു,
പൊടുന്നനെ
ഗർഭപാത്രത്തിന്റെ കുരുക്കുകൾ ഭേദിച്ച്‌
കുട്ടിയുടെ കരച്ചിൽ

എന്റെ മുറിവുകൾക്കപ്പുറത്തുനിന്ന്
എന്റെ ചിറകുകൾക്കിപ്പുറത്തേക്ക്‌
തീരെ വീതിയില്ലാത്ത
ഒരു വരാന്തയുണ്ട്‌,
അതിലൂടെ
ഞാനവന്റെ ഓർമ്മയിലേക്ക്‌ വീശിക്കൊണ്ടിരിക്കുന്നു.

കാറ്റ്‌ വരാന്തയിലൂടെ ഓടിയോടി
ഇടവഴിയിലൂടെ
മുറിവുകൾ ഉണങ്ങാനിടുന്ന തടാകക്കരയിലെത്തുന്നു.

ഞാൻ ഫാനായി കറങ്ങിക്കൊണ്ടിരിക്കുന്ന സുഖത്തിൽ
മുറിവുകളുണ്ടാക്കിയ വേദനയിൽ തളർന്നുറങ്ങുന്നവൻ
മുറിവുകൾ ഉണങ്ങാനിടുന്ന
തടാകക്കരയിൽ നിന്നും അവൾക്കായി
ഉമ്മകൾ പൊതിഞ്ഞയക്കുന്ന സ്വപ്നം കാണുന്നു.

രാത്രി രണ്ടരയ്ക്ക്‌
അവസാനത്തെ ബസ്സും വന്നുകഴിയുമ്പോൾ
പകൽ യാത്രയായ വഴിയിലൂടെ
നിശബ്ദതയും കുറച്ചുനേരത്തേക്ക്‌ യാത്രയാവാറുണ്ട്‌
അവന്റെ ചരിത്രത്തിലൂടെ
എന്റെ ചിറകുകൾ
യാത്രക്കാരുടെ ഉറക്കം ചുമലിലേറ്റി
കൂലി വാങ്ങുന്നു.

അവസാനത്തെ
അവസാനത്തെ
അവന്റെ മുറിവും ഉണങ്ങിക്കഴിയുമ്പോൾ
എന്റെ ചിറകുകൾ ഉറങ്ങുന്നു
തലയ്ക്ക്‌ മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ നിലയ്ക്കുന്നു.
ഉഷ്ണം കാരണം ഞാൻ ഉണരുന്നു.

പണിക്കൂലി

ബാറിലെ ഇരുട്ടിൽ
ബിയറിന്റെ ഗ്യാസിനെക്കുറിച്ച്‌ പരാതിപ്പെട്ട്‌
റമ്മടിച്ചിരിക്കാൻ ഞാനില്ലെടാ

അവളുടെ കല്യാണമായതുകൊണ്ട്‌
എങ്ങോട്ടെങ്കിലും
പോകാനുള്ള പരിപാടിയാണെന്നായിരിക്കും
നീയുതിവിട്ട പുകയോർക്കുന്നത്‌
അതൊന്നുമല്ല അതൊന്നുമല്ല
നിങ്ങളുടെ ചിരിക്ക്‌
ഞാൻ കട്ടനെന്തെങ്കിലും വാങ്ങിക്കുടിച്ച്‌
തെങ്ങിന്തോപ്പിൽ കിടന്നുറങ്ങുന്ന
ചിത്രം വരയ്ക്കാൻ കഴിയുന്നതുപോലെ
അതൊന്നുമല്ല അതൊന്നുമല്ല

ആ വടക്കേടത്തെ തോമസേട്ടന്റെ വീട്ടുപണിക്ക്‌
പൂഴിയിറക്കിക്കൊടുക്കാമെന്നേറ്റിട്ട്‌
കാലം കുറച്ചായി,
ദിവാകരനെസ്സൈ നാളെ ലീവിലായതുകൊണ്ട്‌
അതങ്ങു നടപ്പിലാക്കണം.

മീനുകൾക്കിടയിലൂടെ
ഊളിയിട്ട്‌ ഊളിയിട്ട്‌
ചാക്കുകൾ നിറയ്ക്കുന്നതിനിടയിൽ
പായലുകളെ ചെറുപ്രാണികൾ മുട്ടിയുരുമ്മുന്ന വികാരത്തോടെ
എനിക്കവളെ ഓർത്തെടുക്കണം.

പരലുകൾ പുളയുന്നതുനോക്കി
താലിവീണ കഴുത്ത്‌
ഞാൻ ചുംബിച്ചതിനേക്കാൾ ചുവന്നല്ലോന്ന് പരിഭവിക്കണം.
പുഴയിൽ വെറുതേയിരുന്ന്
പരാഗണം നടത്തുന്ന പൂമ്പാറ്റകളെയും അപ്പൂപ്പന്താടികളേയും നോക്കി
വട്ടച്ചൊറിയുണ്ടായിരുന്ന അവളുടെ കാലിലും
കാച്ചിയ എണ്ണമണമുള്ള അവളുടെ മുടിയിലും
അവൻ ചുംബിച്ച്‌ ചുംബിച്ച്‌
പൂക്കാലം വരുത്തുന്നത്‌ സ്വപ്നം കാണൺ.
നല്ലോണം സങ്കടപ്പെട്ടിട്ട്‌
കുളിച്ചൊന്ന് ശുദ്ധിയാവണം.

പോലീസുപിടിച്ചില്ലെങ്കിൽ
മണലിറക്കിക്കൊടുത്ത്‌ കാശുവാങ്ങിയിട്ട്‌
ബാറിലേക്ക്‌ പോകാം
വഴുക്കുള്ള പായലിനെക്കുറിച്ച്‌ കവിതചൊല്ലിത്തരാം.

കലമ്പ്‌

എണീറ്റപാടെ ഏട്ത്തേക്കാ
നക്കാൻ കീഞ്ഞോളും പുലരുമ്പോളേക്കെന്ന്
അന്നന്മച്ചേടത്തീടെ പാത്രം വടിക്കൽ
നോക്കി നോക്കി പല്ലുതേക്കുമ്പോളേക്ക്‌
അവറാച്ചൻ മുറിബീഡിയുമായി
നിന്റപ്പന്റെ പേറെടുക്കാനെന്നും പറഞ്ഞ്‌
വീടിന്റെ അതിരുകടക്കും.

അന്നമ്മച്ചേടത്തി തൊഴുത്തിൽ
പോത്തിന്റെ ചാണകം വാരുന്നതിനിടയിൽ
കരിമീനും പരലും തൂക്കി
ഷാപ്പിൽ നിന്നും രണ്ടെണ്ണം വീശി
അവറാച്ചൻ കയറി വരും.

തലശ്ശേരി അതിരൂപത നിന്നെക്കെട്ടുമ്പോൾ നിന്റപ്പനെനിക്ക്‌ തീറെഴുതിത്തന്നിട്ടില്ലല്ലോ
അപ്പോ
ഞാമ്പറയുന്നത്‌ കേട്ട്‌ അടങ്ങിയൊതുങ്ങി ജീവിച്ചാൽ
നിനക്കുകൊള്ളാമെന്നും പറഞ്ഞ്‌
രാവിലെ അണച്ച അടുപ്പിലേക്ക്‌
അവറാച്ചൻ തീപ്പെട്ടിയുരയ്ക്കും

പറമ്പിന്റെ അതിരിലിരുന്ന് പല്ലിളിച്ച്‌ പല്ലിളിച്ച്‌
പുല്ലുവെട്ടാൻ പോകുന്നതിനിടയിൽ
കുറ്റിക്കാട്ടിൽ വലിച്ചിട്ട്‌
അപ്പവും വീഞ്ഞും നിനക്കുള്ളതെന്റെ യേശുവേ
ഇവളുടെ വീഞ്ഞ്‌ ഞാനെടുക്കുന്നേന്ന്
സത്യകൃസ്ത്യാനി ചമഞ്ഞ്‌ വയറ്റിലുണ്ടാക്കാൻ
എന്റപ്പൻ പറഞ്ഞാരുന്നോന്ന്
അന്നമ്മച്ചേടത്തി അടുപ്പിലേക്ക്‌ മണ്ണെണ്ണയൊഴിക്കും.

ഒന്നും രണ്ടും പറയുന്നതിനിടയിൽ
ചട്ടിയും കലവും ഓലപ്പുരയ്ക്ക്‌ മുകളിലേക്ക്‌
വലയും മീനും വീടിന്റതിരിരിലേക്ക്‌..

യുദ്ധം കഴിഞ്ഞ്‌ ശാന്തമാവുന്നതിനിടറ്റിൽ
അന്നമ്മച്ചേടത്തി
അരികഴുകുന്ന അമ്മേടടുത്ത്‌ വന്നിറ്റ്‌
ചങ്കും തടവി നിലവിളിക്കും
അവറാച്ചൻ
പോത്തിനെയും പിടിച്ച്‌ മഴേത്തൂടൊരു പോക്കുണ്ട്‌
ഗുളികൻ തെയ്യം ഉറയുന്നതുപോലെ
വിറച്ച്‌ തുള്ളി വിറച്ച്‌ തുള്ളി
മഴയിലേക്ക്‌ അപ്രത്യക്ഷനാവും.

നിനക്കുള്ള കത്തുകള്‍


1.
നിന്റെ രാജ്യത്തേക്ക്‌
ഞാൻ നിർമ്മിച്ച
വഴികളിലൊക്കെ
ചുവന്ന വെളിച്ചമുണ്ട്‌.

ഇപ്പോഴുമിപ്പോഴും
ചുവപ്പിൽ നനഞ്ഞ്‌
ഓടിക്കൊണ്ടിരിക്കുന്നത്‌
പച്ചയായി
നിന്റെയൊപ്പം നിലയ്ക്കാനാണു.

2.
കൈത്തണ്ടയിൽ ചൊറിച്ചിലുണ്ടാക്കുന്ന കഴപ്പൻ പ്രവർത്തി ചെയ്യാൻ വിധിക്കപ്പെട്ട പുഴു എന്ന നിലയിൽ നിന്നും പൂമ്പാറ്റയായി വേഷം മാറിയോ, രൂപം ഉപേക്ഷിച്ചോ കൊതിപ്പിച്ച്‌ പറന്ന് പറന്ന് പോയ്ക്കൊണ്ടിരിക്കുന്ന കേവലം കീഴടക്കലുകൾക്കൊന്നും പിടിതരാത്ത എന്തോ ഒന്നായി നീ ജീവിക്കുന്നതിനാൽ.

നിനക്ക്‌ പറക്കാൻ
നാം കലാപം സൃഷ്ടിച്ച തെരുവും
നാം പക്ഷികളിൽ നിന്ന്
ദാനം വാങ്ങിയ അകാശവും
നാം ഉമ്മവെച്ച പുഴക്കരയും
ഞാൻ നിനക്കായി ഉപേക്ഷിക്കുന്നു.

എന്റെ പൂന്തോട്ടങ്ങളിൽ നിന്നും
ഒരു പൂവിന്റെ കന്യകാത്വമെങ്കിലും
നീ തകർക്കുമെന്നും
വസന്തമവിടെ കൊടിയേറുമെന്നും
ഞാൻ

വഴിത്തെറ്റി
ചിറകിൽ ചിത്രം വരയ്ക്കാൻ പോയ നീ......

പൂന്തോട്ടത്തിലെ പൂക്കളുടെ നിറം
വർണ്ണിക്കാൻ ആരുമില്ലാതായി...

3.
നമുക്കൊന്നായ്‌
അകാശങ്ങളിലേക്ക്‌
പറന്നാലോ...
നക്ഷത്രങ്ങളെ
പറിച്ചെടുത്ത്‌
ഉമ്മ കൊളുത്തി
കത്തിച്ചെറിയാം

4.
കരിഞ്ഞ്‌ മണക്കുന്ന
ഓർമ്മയടുപ്പിൽ വെച്ച്‌
ചുട്ടെടുത്തിട്ടും
നീയൊലിക്കുന്ന ഞാനും
ഞാനൊലിക്കുന്ന നീയും.

ഇനിയേത്‌ ചുംമ്പനപ്പുഴയിലൊഴുക്കിയാലും
എനിക്കും നിനക്കും
നമ്മളെന്ന് ജന്മമുണ്ടാകില്ല.

5.
നീ തൂങ്ങിച്ചത്ത കയറായിരുന്നു ഞാൻ



നാരായണൻ എന്ന കൊടിയടയാളം

രാത്രിയതിന്ടെ കൈകാലുകളുപയോഗിച്ച്
ശരീരം പൊതിഞ്ഞ് പിടിച്ചിരിക്കുന്നു
ചട്ടിയും കലവുമെടുത്ത് വീടിനെയുണർത്തുന്ന അമ്മയുടെ കോൾ
രണ്ടരയ്ക്കുള്ള സുപ്പർഫാസ്റ്റ് കാത്ത് കാത്ത്
പറന്നകന്ന പക്ഷികളെക്കുറിച്ചുള്ള മരത്തിന്ടെ നിലവിളിയിൽ മുങ്ങി മുങ്ങി

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോൾ

ആദ്യരാത്രിക്ക് ശേഷം
അടുക്കളയിലേക്ക് പ്രവേശിക്കുന്നവളെപ്പോലെ
സൂര്യനതിന്ടെ ചുവടുകൾ മരങ്ങളിലേക്ക് പുഴകളിലേക്ക് വീടുകളിലേക്ക്
തുറക്കാതെ കിടക്കുന്ന ചായക്കടയ്ക്ക് മുന്നിൽ
പൂച്ച അച്ഛൻ മരിച്ച മകനെപ്പോലെ
ഓർമയിലേക്ക് ചുരുണ്ടുറങ്ങുന്നു           
കുടിവെള്ളം ശേഖരിക്കാൻ വരുന്നവരെ കാത്ത് കാത്ത്
കവലയിലെ കിണർ.

കാക്കി തൊപ്പിയും
ചോന്ന കുപ്പായവുമിട്ട് പട്ടാളക്കാരെപ്പോലെ മാർച്ച് ചെയ്യാറുണ്ടായിരുന്ന
ചായക്കടക്കാരൻ നാരേട്ടനാണ്
ജീവിതത്തിൽ കണ്ടിരിക്കുന്ന ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്
മനുഷ്യരെക്കുറിച്ചുള്ള പാട്ടുമാത്രം
പഴകിയ ടേപ്പ് റെക്കോർഡറിൽ ഒച്ചത്തിൽ വെച്ച്
കട്ടൻചായയിൽ ലോകം കൊയ്തെടുക്കുന്ന സൂത്രം ഒളിപ്പിച്ചവൻ
ആ നാരേട്ടൻ രാത്രിയിൽ മരിച്ചിരിക്കുന്നു

പയ്യാവൂരിൽ ഞാൻ ബസ്സിറങ്ങുമ്പോഴേക്കും
ആകാശത്തിന്ടെ എത്തിപ്പെടാൻ കഴിയാത്ത പ്രദേശത്തേക്ക്
നാരേട്ടനെ യാത്രയാക്കിയവർ തിരിച്ച് വരുന്നു

തൊണ്ടയിൽ കുടുങ്ങിയ മുള്ളുപോലെ
എന്റെ നാരേട്ടാന്ന്
തെറിച്ച് വീഴുന്നു നിലവിളി

ഓടെടാ നായ്ക്കളേന്ന് ശകാരിച്ചും
കൊല്ലിനെടാ ആ പട്ടികളേന്ന് അധികാരപ്പെട്ടും
കത്തിനിന്ന നാടിന്ടെ ഉച്ചസൂര്യാ
നാടിന്ടെ ഉച്ചസൂര്യാ
നക്ഷത്രങ്ങൾ പൂക്കളമിടുന്ന വയൽവരമ്പത്തിരുന്ന് ബീഡിയൂതുന്നവരെ തനിച്ചാക്കി
നീയേത് ഇടിമുഴക്കങ്ങൾക്കിടയിലേക്കാണ് മറഞ്ഞത്

എന്ടെ നാരേട്ടാ
നാമിനി
ലോകത്തിന്ടെ ഏത് കോണിലിരുന്നാണ്
കമ്മ്യൂണിസത്തിന്ടെ ഭാവിയെക്കുറിച്ച് തർക്കിക്കുക

നിങ്ങൾക്ക് മുന്നിലേക്ക് കീറിക്കീറി വീഴുന്നു
നാടിന്ടെ കൊടിയടയാളം
ചോന്ന് ചോന്ന് നിൽക്കുന്നു ഉച്ചസൂര്യൻ